എണ്‍പത്തൊന്നായിരം അധ്യാപകര്‍ക്ക് കൈറ്റിന്റെ ഓണ്‍ലൈന്‍ പരിശീലനം

post

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രൈമറി അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ പരീക്ഷകള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് അവധി നല്‍കിയ പശ്ചാത്തലത്തില്‍ 11,274 സ്‌കൂളുകളിലായി എണ്‍പത്തൊന്നായിരം അധ്യാപകര്‍ക്ക് ഓണ്‍ലൈനായി പ്രത്യേക ഐടി പരിശീലനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു.

സ്‌കൂളുകളില്‍ ലഭ്യമായിട്ടുള്ള ഹൈടെക് സംവിധാനങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി അഞ്ചു ദിവസത്തിനകം പൂര്‍ത്തിയാകുന്ന വിധത്തില്‍ ഓണ്‍ലൈനായി അതതു സ്‌കൂളുകളില്‍ പരിശീലനം നടത്തും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി കൈറ്റ് ആവിഷ്‌കരിച്ച 'ഇക്യൂബ് ഇംഗ്ലീഷ്' പദ്ധതിയുടെ ഭാഗമായി അവധിക്കാല പ്രത്യേക പരിശീലനം എല്ലാ പ്രൈമറിഅപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കും നല്‍കുന്നതിന്റെ ആദ്യഭാഗം മാര്‍ച്ച് 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.

ആവശ്യമായ സഹായക ഫയലുകള്‍, വീഡിയോ ട്യൂട്ടോറിയലുകള്‍, റിസോഴ്‌സുകള്‍ എന്നിവ അധ്യാപകരുടെ സമഗ്ര ലോഗിനില്‍ ലഭ്യമാക്കി ഗുണമേന്മ ഒട്ടും ചോര്‍ന്ന് പോകാതെയും കൃത്യമായ ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സുള്‍പ്പെടെയുള്ള മോണിറ്ററിംഗ് സംവിധാനങ്ങളിലൂടെയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സ്വയം പഠനമെന്ന രീതിയിലോ സംഘപഠനത്തിലൂടെയോ അധ്യാപകര്‍ക്ക് പരിശീലനത്തില്‍ പങ്കാളിയാകാം. നിശ്ചിത സ്‌കൂളുകള്‍ക്ക് ഒരു മെന്റര്‍ എന്ന നിലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്, സോഷ്യല്‍ മീഡിയ, ഹെല്‍പ് ഡെസ്‌ക് എന്നിവ വഴി സംശയനിവാരണത്തിനും മോണിറ്ററിംഗിനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.