കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരത്തിനായി കൃതികൾ ക്ഷണിച്ചു

post

എൻ. വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കു കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൃതികൾ ക്ഷണിച്ചു. 2022 ജനുവരി-ഡിസംബർ മാസത്തിനിടയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം വൈജ്ഞാനിക അവാർഡിനും വിവർത്തന അവാർഡിനും സമർപ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ-സാഹിത്യ പഠനങ്ങൾ, സാമൂഹിക ശാസ്ത്രം, കല/സംസ്‌കാരപഠനങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ രണ്ടു വിഭാഗങ്ങളിലും അവാർഡിനായി പരിഗണിക്കുക.

ഇംഗ്ലീഷ് ഭാഷയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവർത്തന പുരസ്‌കാരത്തിന് പരിഗണിക്കുക. ഗവേഷണ പുരസ്‌കാരത്തിനുള്ള സമർപ്പണങ്ങൾ 2022 ജനുവരിയ്ക്കും ഡിസംബറിനുമിടയിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാ‍ർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ പ്രബന്ധങ്ങളുടെ മലയാള വിവർത്തനമായിരിക്കണം. മലയാളം ഒഴികെ മറ്റുഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വേണം സമർപ്പിക്കാൻ.

പുരസ്‌കാരത്തിനുള്ള സമർപ്പണം ഫെബ്രുവരി 10 നകം ഡയറക്ടർ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭിക്കണം. വൈജ്ഞാനിക പുരസ്‌കാരത്തിനും വിവർത്തന പുരസ്‌കാരത്തിനും സമർപ്പിക്കുന്ന പുസ്തകങ്ങളുടെ നാല് കോപ്പി വീതമാണ് അയയ്ക്കേണ്ടത്. ഗവേഷണ പ്രബന്ധങ്ങളുടെ നാലു വീതം പക‍‍ർപ്പുകളും അയയ്ക്കണം. ഓരോ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാരം.