കോവിഡ് 19: രോഗം സ്ഥിരീകരിച്ച പുതിയ കേസുകളില്ല മുഖ്യമന്ത്രി

post

വിമാനത്താവളങ്ങളോടനുബന്ധിച്ച് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും 

ട്രെയിനുകളിലുള്ളവരെയും പരിശോധിക്കും 

സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധനാ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച പുതുതായി ആര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ ജാഗ്രതയും നിയന്ത്രണങ്ങളും തുടരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ ആകെ 7,677 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 7,375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രിയിലുമാണുള്ളത്. ശനിയാഴ്ച പുതുതായി 106 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1,876 രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 1,345 എണ്ണം നെഗറ്റീവാണ്.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഫലപ്രദമാണ്. ലോകത്താകെ കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത കൂടേണ്ടതുണ്ട്. എല്ലാ ജില്ലകളിലും മന്ത്രിമാരുള്‍പ്പെടെ പങ്കെടുത്ത അവലോകന യോഗങ്ങള്‍ നടന്നു. ഫലപ്രദമായ യോഗങ്ങളുടെ തുടര്‍നടപടിയായി ബ്ലോക്ക്, പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ നടക്കും. 

രോഗം പടരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം എന്നുള്ളതില്‍ കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ബോധവാന്മാരാകണം. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രദേശങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, ഒപ്പം പോലീസ് സാന്നിധ്യം എന്നിങ്ങനെ ടീമായി നിരീക്ഷണത്തിലുള്ള വീടുകളില്‍ എത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകണം. പുതുതായി ആവശ്യമായി വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി പരിശീലനം നല്‍കും. ആരോഗ്യ വകുപ്പ് തന്നെ പ്രദേശികമായി അതിനുള്ള നടപടിയെടുക്കും. നിരീക്ഷണത്തിലുള്ളവരുടെ വീടുകളുമായി എല്ലാ ദിവസവും ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. എന്നാല്‍ ചിലര്‍ ഗൗരവം മനസിലാകാതെ പെരുമാറുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് വീട് സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായി ബോധ്യപ്പെടുത്തണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടോയെന്നും അന്വേഷിച്ച് പരിഹരിക്കണം. 

സംസ്ഥാനത്തേക്ക് ജനങ്ങള്‍ എത്തുന്ന എല്ലാ ഗതാഗത മാര്‍ഗങ്ങളിലും പരിശോധനാ സൗകര്യം കൂടുതല്‍ ശക്തമാക്കും. വിമാനത്താവളങ്ങളില്‍ ഒന്നിച്ച് പരിശോധനയ്ക്കുള്ള തിരക്ക് ഒഴിവാക്കാന്‍ വോളണ്ടിയര്‍മാരുടെ എണ്ണം കൂട്ടും. ഒപ്പം ക്യൂ സിസ്റ്റം, കൃത്യമായ അകലം പാലിക്കല്‍ തുടങ്ങിയ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. ഓരോ വിമാനത്താവളത്തിലും ഒരു എസ്പിയുടെ നേതൃത്വത്തില്‍ വിവിധ ടീമുകളായി ആവശ്യമായ പോലീസ് സംഘവും സഹായങ്ങള്‍ക്ക് ഉണ്ടാകും. ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെയും ഒരുക്കും.

ട്രെയിനുകള്‍ സംസ്ഥാന അതിര്‍ത്തി കടന്നാലുടന്‍ ആദ്യം നിര്‍ത്തുന്ന സ്ഥലത്ത് അതിലുള്ള എല്ലാവരെയും പരിശോധിക്കാന്‍ സംവിധാനമൊരുക്കും. അതിനായി മൂന്നുപേര്‍ വീതമുള്ള ടീമുകള്‍ സജ്ജീകരിക്കും. ഒരു ടീം രണ്ട് ബോഗിയിലുള്ളവരെ വീതം പരിശോധിക്കും. ആരോഗ്യ പ്രവര്‍ത്തകന്‍, പോലീസ്, പ്രാദേശിക വോളണ്ടിയര്‍ എന്നിവരാകും ടീമിലുണ്ടാകുക. റെയില്‍വേ ഇക്കാര്യത്തില്‍ യാത്രക്കാര്‍ക്ക് കേരളത്തിലെത്തുമ്പോള്‍ മെസേജ് കൊടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. റെയില്‍വേ സ്‌റ്റേഷനിലും കഴിയുന്നത്ര ട്രെയിനുകളിലും അനൗണ്‍സ്‌മെന്റ് സൗകര്യവും ഉണ്ടാകും.

റോഡ് വഴി സംസ്ഥാനത്തേക്ക് കടക്കുന്ന 24 അതിര്‍ത്തി പോയിന്റുകളില്‍ പരിശോധനാ സൗകര്യമൊരുക്കും. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എല്ലാ ആളുകളെയും പരിശോധിക്കും. ആരോഗ്യ പ്രവര്‍ത്തകരും പ്രാദേശിക വോളണ്ടിയര്‍മാരും ഉണ്ടാകും. ഇക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണം. ആരെയും ബുദ്ധിമുട്ടിക്കാനല്ല, നാടിന്റെ സുരക്ഷയ്ക്ക് ഇതാവശ്യമാണെന്ന് മനസിലാക്കണം.

വിമാനത്താവളങ്ങളില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമായവരെ പാര്‍പ്പിക്കാന്‍ അതിനടുത്തായി കൊറോണ കെയര്‍ സെന്ററുകള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നാല് വിമാനത്താവളങ്ങള്‍ക്ക് സമീപവും സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവരില്‍ മറ്റ് താമസ സൗകര്യങ്ങളില്ലാത്തവര്‍ക്കായി ഈ സംവിധാനം ഒരുക്കും.

സ്വകാര്യ ആശുപത്രികളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് നിശ്ചിത എണ്ണം രോഗികളെ കിടത്താന്‍ സൗകര്യമൊരുക്കണം.

അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും ശുചിത്വം ഉറപ്പാക്കാനും കൃത്യമായ സന്ദേശങ്ങള്‍ എത്തിക്കാനും നടപടി സ്വീകരിക്കും. ചിലയിടത്ത് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കൂട്ടംചേരലുകള്‍ നടക്കുന്നത് ഒഴിവാക്കണം. ഇക്കാര്യത്തില്‍ ലാഘവത്വം പാടില്ല. പൊതുവില്‍ എല്ലാവരും ഇതുമായി സഹകരിക്കുന്നുണ്ട്.

ജനങ്ങള്‍ കൂട്ടംകൂടുന്ന നിലയില്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. ഉത്സവകാര്യങ്ങളിലും നല്ല ശ്രദ്ധവേണം. അതേസമയം, ആരും പുറത്തിറങ്ങരുത് എന്ന സമീപനമില്ല. ഷോപ്പിംഗ് മാളുകള്‍ അടച്ചിടാനായി നിര്‍ദേശമില്ല. എന്നാല്‍ നല്ല ജാഗ്രത വേണം.

യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ശുചിയായിരിക്കണം. കെഎസ്ആര്‍ടിസി ബസുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ എത്തിയവരെപ്പോലെ കാണുന്ന നില പാടില്ല. നിരീക്ഷണത്തിലുള്ള ഇത്തരക്കാരുടെ കാര്യങ്ങള്‍ നമ്മള്‍ അന്വേഷിക്കുന്ന നിലവേണം. വ്യക്തികളോട് നിഷേധാത്മക സമീപനം പാടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലകള്‍ നിശ്ചയിച്ച പരീക്ഷകള്‍ ആവശ്യമായ മുന്‍കരുതലുകളും ഏര്‍പ്പെടുത്തി മാറ്റമില്ലാതെ നടത്തും.

ഐടി മേഖലയിലുള്ള സ്ഥാപനങ്ങളും സംഘടനകള്‍ക്കും ഐടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഏതെങ്കിലും ജീവനക്കാര്‍ എത്തിയാല്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ഇവര്‍ക്ക് സൗകര്യം ഒരുക്കണം. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറണം. കോവിഡ് 19 സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച 'ജിഒകെ ഡയറക്ട്' എന്ന മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം രണ്ടുലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മലയാളത്തിനൊപ്പം ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പ്രധാന അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

മാധ്യമങ്ങളും ജനങ്ങളെ കൃത്യമായി ബോധവത്കരിക്കുന്നതില്‍ സഹകരിച്ച് പ്രശംസനീയമായ ഇടപെടല്‍ നടത്തുന്നുണ്ട്. അതേസമയം, രോഗസാധ്യതാ സാഹചര്യങ്ങളില്‍ ജാഗ്രതാപൂര്‍ണമായ റിപ്പോര്‍ട്ടിംഗ് ക്രമീകരണങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സംബന്ധിച്ചു.