കോവിഡ് 19 : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

post

തിരുവനന്തപുരം  : സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം ഇറക്കി. കോവിഡ് 19 പകരുന്നത് തടയുന്നതിന്  അതിപ്രധാനം വ്യക്തി ശുചിത്വമാണ്. അതിനാല്‍ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണസ്ഥാപന തലത്തില്‍ സംഘടിപ്പിക്കണം. പൊതു സ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കല്‍, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടുക, കൈ ഇടയ്ക്കിടയ്ക്ക് ഹാന്‍ഡ് വാഷ്/സാനിട്ടൈസര്‍ / സോപ്പ് ഉപയോഗിച്ച് കഴുകുക. പനി , ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള വ്യക്തികള്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കല്‍ മാസ്‌ക് ഉപയോഗിക്കല്‍ തുടങ്ങി വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വിപുലമായ ക്യാമ്പയിന്‍ വീടു വീടാന്തരം (ഡോര്‍ ടു ഡോര്‍ ) സംഘടിപ്പിക്കണം.
വയോജന ബോധവല്‍ക്കരണത്തിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വീടു വീടാനന്തരം സന്ദര്‍ശനം നടത്തി വയോജനങ്ങളെ നേരിട്ട് കണ്ട് മുന്‍കരുതല്‍ അടക്കമുള്ള നടപടികള്‍ വിശദീകരിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണ്. ഇതിനായി സ്‌നേഹിത കാളിംഗ് ബെല്‍ വയോക്‌ളബ് , വയോജന അയല്‍ക്കൂട്ടം ,വയോമിത്രം തുടയങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്താം.  പ്രാദേശിക പാലിയേറ്റീവ് കെയര്‍ സംവിധാനത്തിലൂടെയും ബോധവത്ക്കരണ പരിപാടികള്‍ നടത്തണം.
അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള മൈഗ്രന്റ് കമ്മ്യൂണിറ്റിയെ ബോധവത്ക്കരിക്കുന്നതിനായി കുടുംബശ്രീ സംവധാനത്തെ പ്രയോജനപ്പെടുത്തണം. എമര്‍ജന്‍സി റെസ്‌പ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാക്കണം.  ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സന്ദര്‍കര്‍, രോഗികള്‍, തുടങ്ങി ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാവരും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പട്ടിക പ്രകാരം കോവിഡ് 19 ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില് നിന്നും എത്തുന്നവരുടെയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കേണ്ടതും അവര്‍ക്ക് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ഹോം ഐസലേഷന്‍ പ്രോട്ടോക്കോള്‍   / ക്വാറന്റൈന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും ആയത് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.