ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം

post

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ നേട്ടം കൊയ്ത് കേരളം. വിവിധ വിഭാഗങ്ങളിലായി 3 പുരസ്‌കാരങ്ങൾ കേരളത്തിനു ലഭിച്ചു. ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് ലഭിച്ചത്.

അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ വളർത്തിയെടുക്കാൻ ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിരൽത്തുമ്പിൽ വിവരങ്ങളെത്തുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ ഭരണനിർവ്വഹണവും ജനസേവനവും ഡിജിറ്റൽ ആയേ തീരൂ. സംസ്ഥാന സർക്കാർ ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. ഇവയിൽ പലതിനും ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾ ലഭിക്കുന്നുവെന്നത് മലയാളികൾക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. വിജ്ഞാനസമ്പദ്‌വ്യവസ്ഥയായി വളരാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ഈ നേട്ടങ്ങൾ കരുത്തു പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.