കേന്ദ്ര സര്‍വ്വകലാശാലകള്‍ ലക്ഷ്യം: അവസരമൊരുക്കാന്‍ 'കരിയര്‍ പാത്ത്'

കേന്ദ്ര സര്‍വ്വകലാശാല പ്രവേശനത്തിന് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് കരിയര്‍ പാത്ത് തുടങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ 'ഉയരെ' യുടെ ഭാഗമായാണ് കരിയര്‍ പാത്ത് എന്ന പേരില്‍ പദ്ധതി തുടങ്ങുന്നത്. ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിനുളള പരിശീലനമാണ് കരിയര്‍ പാത്തിലൂടെ നല്‍കുക. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റിറ്റിയൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് ടീമായ വീകാനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്ര സര്‍വ്വകലാശാലകളില്‍ വയനാട് ജില്ലയില്‍ നിന്നും ആയിരം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ കേരളത്തില്‍ നിന്നുള്ള പ്രത്യേകിച്ച് ജില്ലയില്‍ നിന്നുള്ള പങ്കാളിത്തം കുറവാണ്. ഈ അവസ്ഥ പരിഹരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്സുകളില്‍ അഡ്മിഷന് നേടിയെടുക്കാനായി പദ്ധതിയിലൂടെ പരിശീലനം നല്‍കും. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി പ്ലസ്ടു വിദ്യാര്‍ത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നടക്കുക. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍, സ്റ്റേറ്റ്, മറ്റ് സ്വകാര്യ സര്‍വ്വകലാശാലകളിലെയും ക്യാമ്പസ്, ലൈബ്രറി, ഫാക്കല്റ്റികള്, വിവിധ സ്കോളര്‍ഷിപ്പുകള്‍, പ്ലേസ്മെന്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി ബോധവല് ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് രണ്ടും മൂന്നും ഘട്ടങ്ങളില്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള തീവ്ര പരിശീലനം നല്‍കുക. ഓഫ് ലൈനായി നടത്തുന്ന പരീശീലനത്തില്‍ മോക് ടെസ്റ്റും ഹെല്പ് ഡെസ്കും ഉണ്ടാകും.
ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ചയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വഴികാട്ടികളാകാനും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.