വായനശാലകള്‍ വസ്തുതാപരമായ വിമര്‍ശനത്തിന് സമൂഹത്തെ പ്രാപ്തമാക്കണം

മനുഷ്യനില്‍ വിമര്‍ശന ബുദ്ധിവളര്‍ത്തുകയാണ് വായനശാലകളുടെ ധര്‍മമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമര്‍ശനം കുറ്റകൃത്യവും അനാദരവുമാവുന്ന കാലത്ത് കൂടുതല്‍ വസ്തുതാപരമായ വിമര്‍ശനത്തിന് സമൂഹത്തെ പ്രാപ്തമാക്കുകയാണ് വായനശാലകളുടെ ലക്ഷ്യം. ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം നിര്‍ണായപങ്ക് വഹിച്ചു. ഉന്നതവിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ പോലും ലോകത്തെയറിഞ്ഞത് പൊതുജനവായനശാലകളിലെ പുസ്തകങ്ങളിലൂടെയാണ്. മതനിരപേക്ഷമായ പൊതുമണ്ഡലത്തിന്റെ അടരായാണ് വായനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുണ്ടാവുന്ന പ്രതിലോമകരമായ മാറ്റങ്ങളും ശിഥിലീകരണചിന്തകളും അതേ അളവില്‍ കേരളത്തില്‍ പ്രതിഫലിക്കാത്തതിന്റെ കാരണമതാണ്.
രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന വിജ്ഞാനവിരോധത്തെ ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ട് ചെറുക്കണം. ആധുനിക സാങ്കേതികവിദ്യയുടെ പുതുലോകം വിവരങ്ങളുടേത് മാത്രമല്ല. തെറ്റായ വിവരങ്ങളുടേതും കൂടിയാണ്. ശാസ്ത്രവിരുദ്ധതയും യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്ന കാലത്ത് സത്യത്തെ തിരിച്ചറിയാന്‍ വായന ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്്. കാലാനുസൃതമായ വായനശാലകള്‍ നവീകരിക്കപ്പെടുകയും സാധ്യതകള്‍ വിപുലപ്പെടുത്തുകയും വേണം. ചരിത്രസത്യങ്ങളും സംസ്‌കാരിക പൈതൃകങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമ്പോള്‍ അറിവിന്റെ ആയുധപ്പുരകളായി വായനശാലകള്‍ മാറണമെന്നും മന്ത്രി പറഞ്ഞു.