മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നു: ഡോ.സെബാസ്റ്റ്യന്‍ പോള്‍

തൃശ്ശൂര്‍: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി രൂപം കൊടുത്തിട്ടുളള പ്രസ്സ് കൗണ്‍സില്‍ പോലുളള സ്ഥാപനങ്ങള്‍ ദുര്‍ബലമാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന് മുന്‍ എംപിയും മാധ്യമ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍. ഭരണഘടന സ്ഥാപനങ്ങള്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ വിസ്മരിക്കുന്നത് ഏകാധിപത്യ പ്രവണതകളെ വളര്‍ത്തുന്നതിന് മാത്രമേ ഉപകരിക്കൂ. ദേശീയ പത്രദിനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്ക് കൂച്ച് വിലങ്ങിടാനുളള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ന് രാജ്യത്ത് നടക്കുന്നുണ്ട്. മാധ്യമങ്ങളെ ഏതുവിധേനയും ചൊല്‍പ്പടിക്ക് നിര്‍ത്താനുളള അധികാര കേന്ദ്രങ്ങളുടെ നീക്കങ്ങളെ ശക്തമായി ചെറുക്കാനായില്ലെങ്കില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങി കാലങ്ങളായി സൂക്ഷിച്ചുപോന്ന മൂല്യങ്ങള്‍ നമുക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെടും. ജനങ്ങളെ വിവരമറിയിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോടതികളില്‍ കയ്യേറ്റമുണ്ടായപ്പോഴും പെയ്ഡ് ന്യൂസ് എന്ന അനാരോഗ്യകരമായ പ്രവണത മാധ്യമങ്ങളില്‍ തലപൊക്കിയപ്പോഴും ശരിയായ രീതിയില്‍ ഇടപെടുന്നതില്‍ ഇന്ത്യയിലെ പ്രസ് കൗണ്‍സില്‍ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തോട് നീതി പുലര്‍ത്തി വേണം ദേശീയ പത്രദിനം ആചരിക്കാന്‍. ഇന്ത്യന്‍ മാധ്യമ ചരിത്രത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്കിയ ധീരനും ക്രാന്തദര്‍ശിയുമായ ജെയിംസ് അഗസ്റ്റസ് ഹിക്കിയെ അനുസ്മരിക്കാനുളള അവസരമായിക്കണ്ട് അദ്ദേഹത്തിന്റെ പത്രം ഹിക്കീസ് ബംഗാള്‍ ഗസറ്റ് പുറത്തുവന്ന ജനുവരി 29ന് ദേശീയ മാധ്യമദിനമായി ആചരിക്കുന്നതായിരിക്കും ഉചിതമെന്നും ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി ജേര്‍ണലിസം വിഭാഗം അദ്ധ്യാപിക കെ.ഹേമലത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍, ഫോട്ടോ ജേര്‍ണലിസം വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ്, പബ്ലിക് റിലേഷന്‍സ് വിഭാഗം അദ്ധ്യാപിക വി. ജെ. വിനീത എന്നിവര്‍ ആശംസയും ജേര്‍ണലിസം കമ്മ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ത്ഥി വിപിന്‍ ദാസ് നന്ദിയും പറഞ്ഞു.