നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗം

post

നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ധർമ്മടം മണ്ഡലത്തിലെ പനയത്താംപറമ്പ് അപ്പക്കടവ് റോഡിലെ മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള മുഴപ്പാല നഗര സൗന്ദര്യവത്കരണവും, പൂർത്തീകരിച്ച അനുബന്ധ നിർമ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജങ്ഷനുകളുടെ സൗന്ദര്യവത്കരണം സർക്കാറിന്റെ പ്രത്യേക പരിഗണനയിലാണ്. കേരളത്തിൽ സംസ്ഥാന രൂപീകരണ ശേഷം ഏറ്റവും കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകൾ ഈ വർഷമാണ് എത്തിയത്. ടൂറിസം വളരുന്നതോടൊപ്പം നാടിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും വളർച്ച കൈവരുന്നു. കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമായ വാഹനപ്പെരുപ്പം പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു.

മൂന്ന് കോടി രൂപ ചിലവിലാണ് സൗന്ദര്യവത്കരണ പ്രവൃത്തി പൂർത്തിയാക്കിയത്. ബസ് ഷെൽട്ടറുകൾ, നാടിന്റെ സാംസ്‌കാരികത ദൃശ്യമാകുന്ന കലാരൂപങ്ങൾ ഉൾകൊള്ളിച്ചുള്ള ചിത്രപ്പണികൾ, എൽ ഇ ഡി സൈനേജ് ദിശാബോർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.