മുണ്ടംകോട് കോളനി നിവാസികൾക്ക് പുതുവൽസര സമ്മാനം : പൊതുകിണർ നവീകരിച്ചു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുണ്ടങ്കോട് കോളനി നിവാസികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പഞ്ചായത്ത് കിണർ നവീകരിച്ചു നൽകി ജില്ലാ പഞ്ചായത്ത്. തൃശൂർ ജില്ലാ പഞ്ചായത്ത് 2022 - 23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് കിണർ നവീകരിച്ചത്.
കിണറിന് സംരക്ഷണഭിത്തിയും ആൾ മറയും ഗ്രില്ലും ഉൾപ്പെടുത്തിയാണ് നവീകരണം. ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ നവീകരിച്ച കിണറിന്റെ ഉദ്ഘാടനം നിർവഹിച്ചു. കിണറിൽ നിന്നും അമ്മമാർ കോരിയെടുത്ത ജലം കൊണ്ട് പരിപാടിയിൽ പങ്കെടുത്തവർക്ക് കോളനിനിവാസികൾ നാരങ്ങാവെള്ളം നൽകി.