വിസ്മയ കാഴ്ചകളുടെ തീരം തേടി സഞ്ചാരികള്‍

post

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ വേദിയില്‍ വിസ്മയങ്ങള്‍ അനവധി. നിരവധി പേരാണ് ബേക്കല്‍ ബീച്ച് പാര്‍കിലേക്ക് എത്തുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന റോബോട്ടിക് ഷോ, കടല്‍പ്പാലം തുടങ്ങിയവയിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 50 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഉത്സവ നഗരിയില്‍ സായാഹ്‌ന സമയങ്ങളില്‍ ആണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്. വൈവിധ്യമാര്‍ന്ന പവലിയനുകളും ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. അറിയാനും ചിന്തിക്കാനും വക നല്‍കുന്ന ഒട്ടേറെ പ്രദര്‍ശനങ്ങള്‍ മേളയുടെ ഭാഗമാണ്.

സുരക്ഷ മുഖ്യം

ബേക്കലില്‍ എത്തുന്ന ഓരോരുത്തരുടെയും സുരക്ഷക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് സംഘാടനം. പോലീസും അഗ്‌നി രക്ഷാ സേനയും ഇവരുടെ കീഴിലുള്ള സിവില്‍ ഡിഫന്‍സുമൊക്കെ സുരക്ഷക്കായി സദാ ജാഗരൂകരായുണ്ട്. പൊതു ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി

ആരോഗ്യ വകുപ്പും കൂടെയുണ്ട്. ഒരു ഡോക്ടറുടെയും രണ്ട് സ്റ്റാഫ് നേഴ്‌സിന്റെയും സേവനം ഇവിടെ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് ഫ്‌ളൂയിഡ് സൗകര്യവും ലഭ്യമാകും. ഇതിനായി രണ്ട് കിടക്കകളും രണ്ട് ഐ.വി സ്റ്റാന്റഡും ഇവിടെ സജ്ജമാക്കിട്ടുണ്ട്. കൂടാതെ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ആരംഭിച്ചു. ഒരു ഹോമിയോ ഡോക്ടറുടെ സേവനവും ഒരു ഫാര്‍മസിസ്റ്റിന്റെ സേവനവും ക്യാമ്പില്‍ ലഭിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും, ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 8 വരെയുമായി എല്ലാ ദിവസവും രണ്ട് ഡോക്ടര്‍മാര്‍ ക്യാമ്പില്‍ ഉണ്ടാകും.

ഫെസ്റ്റില്‍ താരമാകാന്‍ കുടുംബശ്രീയും

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ 12 സ്റ്റാളുകളാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ വിഭവങ്ങളും വിപണന സ്റ്റാളില്‍ ലഭ്യമാകും. വേദന സംഹാരികള്‍ മുതല്‍ തേന്‍ ഫേഷ്യല്‍ വരെ സ്റ്റാളുകളില്‍ കാണാം. കൂടാതെ നാടന്‍ തേനില്‍ ഇട്ട കാന്താരി മുളകും, നാടന്‍ കൂവപ്പൊടി, അകാല നരയ്ക്കുള്ള മരുന്നുകള്‍, കിഴങ്ങ് വര്‍ഗങ്ങളായ നര, കുരണ്ട്, കേത തുടങ്ങിയവയും സ്റ്റാളുകളില്‍ ലഭിക്കും. ഇവരുടെ നാടന്‍ കുത്തിയരിയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.