സരസിന്റെ സദസ് കീഴടക്കി ബഡ്സ് സ്കൂൾ വിദ്യാർഥികൾ

നൃത്തച്ചുവടുകൾ കൊണ്ട് കോട്ടയത്തിന്റെ ഹൃദയംകവർന്ന് എറണാകുളത്തെ ബഡ്സ് സ്കൂൾ വിദ്യാർഥികൾ. നാഗമ്പടത്തെ കുടുംബശ്രീ സരസ് മേളയുടെ വേദിയിലാണ് ഭിന്നശേഷിക്കാരായ ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ വിവിധറ കലാപരിപാടികൾ അരങ്ങേറിയത്. സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, ക്ലാസിക്കൽ ഡാൻസ്, ഒപ്പന, പാട്ട്, ജാസ് തുടങ്ങിയ കലാപരിപാടികളാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. എറണാകുളം ചെല്ലാനം, നെല്ലിക്കുഴി, ഏലൂർ തുടങ്ങിയ ബഡ്സ് സ്കൂളിൽ നിന്നും വടവുകോട് ബി.ആർ.സിയിൽ നിന്നുമുള്ള വിദ്യാർഥികളാണിവർ.
കരഘോഷങ്ങളോടെയാണ് കാണികൾ വിദ്യാർഥികളെ വരവേറ്റത്. അധ്യാപകരും എറണാകുളം ജില്ലാ കുടുംബശ്രീ മിഷൻ പ്രവർത്തകരും കുട്ടികൾക്ക് മികച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കലാപരിപാടികൾ അവതരിപ്പിച്ച വിദ്യാർഥികളെ കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.