പണമിടപാടുകള്‍ ഡിജിറ്റലാക്കി എടവണ്ണ ഗ്രാമപഞ്ചായത്ത്

post

ജില്ലയില്‍ ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് പഞ്ചായത്തിലെ പൊതുജനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയ ആദ്യ പഞ്ചായത്താവുകയാണ് എടവണ്ണ. പഞ്ചായത്ത് ഓഫീസിലെ ക്യാഷ് കൗണ്ടറില്‍ പതിപ്പിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഏത് യുപിഎ പെയ്‌മെന്റ് ആപ് വഴിയും ജനങ്ങള്‍ക്ക് വസ്തുനികുതി ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ വേഗത്തില്‍ ചെയ്യാനാവും. പലപ്പോഴും നേരിട്ടുള്ള പണമിടപാടില്‍ ചില്ലറ മാറ്റി നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും ഈ സംവിധാനം ഉപകരിക്കും.

ആദ്യ ഘട്ടത്തില്‍ പണമിടപാട് നടത്തുന്നവര്‍ക്കുള്ള രസീതുകള്‍ പഞ്ചായത്തില്‍ നിന്നും കൈപറ്റണം. പഞ്ചായത്തിലെ വിവിധ നികുതികളും മറ്റും പിരിച്ചെടുക്കാന്‍ ക്യൂ ആര്‍ കോഡ് വഴിയുള്ള ക്യാമ്പുകളും വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കും. ഇവിടെ വച്ച് തന്നെ ഇവയുടെ രസീതും നല്‍കും. പഞ്ചായത്ത് പരിധിയില്‍ വരുന്ന ആഢംബര നികുതിയടക്കമുള്ള ഇടപാടുകള്‍ക്കുള്ള പണം ഇത്തരത്തില്‍ അടക്കാം. നിലവില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ എടവണ്ണ ഫെഡറല്‍ ബാങ്കിന്റെ ശാഖയിലാണ് പഞ്ചായത്തിന്റെ ഔദ്യോഗിക അക്കൗണ്ട് എടുത്തിരിക്കുന്നത്.

ഈ പ്രവര്‍ത്തനം എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചാല്‍ അടുത്ത ഘട്ടത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സഞ്ചയ് സൈറ്റിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് തങ്ങളുടെ ഇടപാടുകളുടെ രസീതുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഭാവിയില്‍ ഉണ്ടാവും. ഈ വിഷയം സര്‍ക്കാര്‍ പരിഗണനയിലാണ്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളേയും ഭാവിയില്‍ ക്യാഷ്‌ലെസ് സ്ഥാപനങ്ങളാക്കാനും സാധിക്കും.

പദ്ധതിയുടെ ലോഞ്ചിങ് എടവണ്ണ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ടി.അഭിലാഷ് സ്വന്തം വീട്ടു നികുതി അടച്ച് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ് അധ്യക്ഷയായി. ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണല്‍ ഹെഡ് സി.വി രെജി മുഖ്യാതിഥിയായി.