സരസ് മേളയിൽ താരമായി 'മാന്ത്രിക കൂജ'

post

കോട്ടയം: നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിലേക്ക് നിലമ്പൂർ സ്വദേശികളായ ദമ്പതികളായ വിജയലക്ഷ്മിയും രാജേഷും എത്തിയത് മാന്ത്രിക മൺകൂജയുമായിട്ടാണ്. തിരക്കു കൂടുമ്പോൾ വിജയലക്ഷ്മി മാന്ത്രിക കൂജ കൊണ്ടുള്ള മാജിക് കാട്ടും. അടപ്പില്ലാ കൂജയിൽ നിന്ന് മൺപാത്രങ്ങളിലേക്ക് വെള്ളം പകരും.

തുറന്ന് വെള്ളം ഒഴിക്കാതെ കൂജയ്ക്കകത്ത് വെള്ളം നിറഞ്ഞതെങ്ങനെ എന്നതാകും കാണികളുടെ സംശയം. പിന്നെ മാജിക്കിന്റെ രഹസ്യം വെളിപ്പെടുത്തുന്ന സമയമായി. കൂജ കമിഴ്ത്തി പിടിച്ചാൽ അടിഭാഗത്ത് കൂടി വെള്ളം ഒഴിക്കാനാകും. നിവർത്തി പിടിക്കുമ്പോൾ കൂജയിലെ വെള്ളം പോകുകയുമില്ല. നിലമ്പൂർ ഹസ്തശിൽപ കുടംബശ്രീയാണ് വ്യത്യസ്തമായ ഈ കൂജയുടെ നിർമാതാക്കൾ. 680 രൂപയാണ് കൂജയുടെ വില.

മാന്ത്രിക മൺകൂജ കൂടാതെ കളിമണ്ണിൽ തീർത്ത വിവിധ തരം പാത്രങ്ങളും സ്റ്റാളിലുണ്ട്. ഒരു നിശ്ചിത താപനിലയിൽ സാധാരണ കളിമൺ പാത്രം നിർമിക്കുന്നതിലും കൂടുതൽ സമയം ചുട്ടെടുക്കുന്നതാണ് ഇവ. ചുട്ടെടുത്ത മൺപാത്രങ്ങൾ ഉരുളൻ കല്ല് ഉപയോഗിച്ച് മിനുസപ്പെടുത്തുന്നു. പാരമ്പര്യമായി കളിമൺ നിർമാണത്തിൽ ഏർപ്പെട്ടവരാണ് ദമ്പതികൾ.

50 രൂപയ്ക്ക് ലഭിക്കുന്ന ചെറിയ മൺകപ്പുകൾ മുതൽ 750 രൂപയുടെ ബിരിയാണി പോട്ട് വരെ മേളയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. 150 രൂപ മുതൽ മൺ ചട്ടികൾ ലഭ്യമാണ്. അലങ്കാരച്ചെടികൾ തൂക്കിയിടുന്ന ചെടിച്ചട്ടികൾ 380 രൂപയ്ക്ക് സ്വന്തമാക്കാം.