ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനവുമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്

post

കാസർകോട്: സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്‍മാരെ സൃഷ്ടിക്കുക, സാധാരണക്കാര്‍ക്കും സിവില്‍ സര്‍വീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം ഒരുക്കുകയാണ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 മാസം നീളുന്ന സമഗ്രമായ സിവില്‍ സര്‍വീസ് പരിശീലനം ജനുവരി 15 മുതല്‍ ആരംഭിക്കും. 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന ബേഡകം പഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ത്ഥിവിദ്യാര്‍ഥിനികള്‍ക്കാണ് പ്രവേശനം.

അപേക്ഷാ ഫോറം ഡിസംബര്‍ 13 മുതല്‍ 22 വരെ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക് ഓഫീസില്‍ നിന്നും ലഭിക്കും. ഡിസംബര്‍ 22 ന് വൈകിട്ട് 4 വരെ അപേക്ഷകള്‍ ഇതേ ഓഫീസില്‍ സ്വീകരിക്കും. ഡിസംബര്‍ 28 ന് അപേക്ഷകര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കുമായി ഒരു സിവില്‍ സര്‍വീസ് ബോധവത്ക്കരണ സെമിനാര്‍ നടക്കും. പരിശീലന രംഗത്തെ പ്രഗത്ഭര്‍ ക്ലാസെടുക്കും.

അപേക്ഷകര്‍ മുഴുവനാളുകളും സെമിനാറില്‍ പങ്കെടുക്കണം. തുടര്‍ന്ന് 2023 ഡിസംബര്‍ 29 ന് രാവിലെ 10 മുതല്‍ കുണ്ടംകുഴി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അപേക്ഷകര്‍ക്ക് പ്രവേശന യോഗ്യതാ പരീക്ഷ നടത്തും. 2023 ജനുവരി 1 ന് പ്രവേശന പരീക്ഷാ ഫലം ഓണ്‍ലൈന്‍ വാര്‍ത്തകള്‍, പഞ്ചായത്ത് ഫേസ് ബുക്ക് പേജ് എന്നിവയിലൂടെ പ്രസിദ്ധീകരിക്കും. ആദ്യ ബാച്ചിലേക്ക് 50 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.

പ്രവേശന പരീക്ഷയിലൂടെ ലിസ്റ്റ് ചെയ്ത കുട്ടികളെ അഭിമുഖം നടത്തിയാണ് പരിശീലനാര്‍ത്ഥികളെ നിശ്ചയിക്കുക. ഭാവിയില്‍ ബേഡകത്ത് നിന്നും അക്കാദമിക മികവുകളുടെ ലോകത്ത് മികച്ച നേട്ടം കൈവരിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഇത്തവണ ഹൈസ്‌കൂള്‍ തലത്തില്‍ നടത്തുന്ന ഈ സമഗ്ര വിദ്യാഭ്യാസ പോഷണ പരിപാടിലവരും വര്‍ഷങ്ങളില്‍ ഹയര്‍ സെക്കണ്ടറി തലത്തിലും വ്യാപിപ്പിക്കും. കൂടാതെ തുടര്‍ച്ചയായി ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. ഒട്ടേറെ മേഖലകളില്‍ വലിയ വിജയം കൈവരിച്ച വ്യത്യസ്ത ബദലുകളിലൂടെ മുന്നോട്ടു വെച്ച ബേഡക പെരുമയില്‍ പുതിയൊരു മാതൃക കൂടി ആവാന്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങ് പ്രയോജനപ്പെടുമെന്ന് പഞ്ചായത്ത് പ്രതീക്ഷിക്കുന്നു.