ഖാദി തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രമൊരുക്കി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂർ: ഏഴോം ഖാദി കേന്ദ്രത്തിലെ വനിതകൾക്കായി വിശ്രമകേന്ദ്രവും പൊതു സമുച്ചയവും ഒരുക്കി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശുചിത്വ സമുച്ചയം ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഇതിനായി 12.6 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
493 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ മൂന്ന് ശുചി മുറികളും, വിശ്രമമുറിയും ഭക്ഷണം കഴിക്കാനുള്ള മുറിയുമുണ്ട്. ഏഴോം ഖാദി കേന്ദ്രത്തിലെ തൊഴിലാളികളായ 30 സ്ത്രീകൾക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടും. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബർ ഏഴിന് രാവിലെ 11 മണിക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിക്കും.