അഴുക്കില്‍ നിന്ന് അഴകിലേക്ക്

അഞ്ചരക്കണ്ടി പുഴ വീണ്ടെടുക്കാന്‍ ജില്ലാ പഞ്ചായത്ത്
കണ്ണൂര്‍: ജില്ലയിലെ ജലശ്രോതസുകള്‍ സംരക്ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'അഴുക്കില്‍ നിന്നും അഴകിലേക്ക്' പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി പുഴ പുനര്‍ജനിക്കുന്നു. ഇതിനായുള്ള വിദഗ്ദ്ധ പദ്ധതി രേഖ ( ഡിപിആര്‍) തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. സയന്‍സ് പാര്‍ക്കില്‍ നടന്ന അഞ്ചരക്കണ്ടി പുഴ പഠന സംഗ്രഹണ സെമിനാറിലാണ് കെ വി സുമേഷ് ഇക്കാര്യം അറിയിച്ചത്. നടപടികള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പുഴ കടന്നുപോവുന്ന 12 തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ജില്ലാ പഞ്ചായത്തും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധികളും ചര്‍ച്ച നടത്തി. പ്രാദേശിക തലത്തില്‍ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് നിര്‍ദേശങ്ങള്‍ വന്നത്. പുഴയുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനവും പുഴയില്‍ അനുവദിക്കരുത്. മണ്ണിടിച്ചില്‍ തടയുന്നതിന് പുഴയുടെ അരികുകളില്‍ മുള, കൈത പോലുള്ള മരങ്ങള്‍ നട്ടുപിടിക്കണം. തടയണ നിര്‍മ്മിക്കുന്നതും തടയണകള്‍ തമ്മിലുള്ള അകലം തീരുമാനിക്കുന്നതും ഓരോ പ്രദേശത്തെയും പുഴയുടെ ഒഴുക്ക് പരിഗണിച്ചായിരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
പഠനത്തില്‍ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മരങ്ങള്‍, മണ്‍ത്തിട്ടകള്‍, മണല്‍ തിട്ടകള്‍, തുരുത്തുകള്‍ എന്നിവ കണ്ടെത്തി. പുഴക്ക് കുറുകെ 38 പാലങ്ങളും 6 തൂക്ക് പാലങ്ങളും 5 അണക്കെട്ടുകളും ഉണ്ട്. പല പ്രദേശങ്ങളിലും ഖരദ്രവ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. പാലങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമായി പുഴയില്‍ മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്നതായും പഠനത്തില്‍ വ്യക്തമായി. ഇത് പ്രളയത്തില്‍ വെള്ളം കയറുന്നതിന് കാരണമായിട്ടുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും ഉള്‍പ്പെടെ 442 പേര് വിവിധ ടീമുകളായാണ് പഠനം നടത്തിയത്. ശാസ്ത്രസാഹിത്യ പരിഷത്ത് വികസിപ്പിച്ചെടുത്ത കോബോടൂള് എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെയും സര്‍വ്വേയുടെയും അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.