ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വെള്ളൂർ ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ് സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്റെ ഫണ്ടിൽ നിന്നുള്ള 6.18 ലക്ഷം രൂപ ചെലവഴിച്ച് വെള്ളൂർ ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്ഥാപിച്ച മാലിന്യ സംസ്‌കരണ യൂണിറ്റിൽ ആറ് ചേംബറുകളാണുള്ളത്.
വെള്ളൂർ ടൗണിലെ കടകളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുകയാണ് ലക്ഷ്യം. മാലിന്യങ്ങൾ സംഭരിക്കുന്നതിനായി രണ്ട് വളന്റിയർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. കടകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ 60 മുതൽ 90 ദിവസം വരെ മാലിന്യ സംസ്‌കരണ യൂണിറ്റിൽ നിക്ഷേപിച്ച് ജൈവ വളമാക്കി കർഷകർക്ക് നൽകും. കടകളിൽ നിന്നുള്ള മാലിന്യത്തിന്റെ അളവിനനുസരിച്ചായിരിക്കും യൂസേഴ്സ് ഫീ ഈടാക്കുന്നത്. ഏകദേശം 500 കിലോയിലധികം മാലിന്യം ഈ യൂണിറ്റിൽ സംഭരിക്കാനാകും.