അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം

നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍, പടന്ന, പൈവളികെ, മംഗല്‍പാടി പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആകെ അഞ്ച് പദ്ധതികളാണ് ഭേദഗതി ചെയ്തത്. പട്ടികജാതി യുവജനങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം, ഭിന്നശേഷിക്കാര്‍ക്ക് കായിക മത്സരം, 18 വയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം, ആത്മഹത്യ പ്രതിരോധ ക്ലിനിക്ക് (സി.എച്ച്.സി ചെറുവത്തൂര്‍) എന്നീ പദ്ധതികളുടെ ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. പദ്ധതികളുടെ അടങ്കല്‍ തുക 12.7 ലക്ഷം രൂപ. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പത്ത് പദ്ധതികള്‍ ഭേദഗതി ചെയ്തു. 53 ലക്ഷം രൂപയാണ് അടങ്കല്‍ തുക.
മംഗല്‍പാടി പഞ്ചായത്തിന്റെ 24 പദ്ധതികളുടെ ഭേദഗതിക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ഫ്ളാറ്റുകളിലേക്ക് ബയോബിന്‍ യൂണിറ്റ്, തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റ്, മാലിന്യം നീക്കം ചെയ്യുന്നതിന് ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് വാഹനം തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടെ 32 പുതിയ പദ്ധതികളാണ് മംഗല്‍പാടി പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്. മൂന്ന് പദ്ധതികള്‍ ഒഴിവാക്കി. പടന്ന ഗ്രാമ പഞ്ചായത്ത് എട്ട് പദ്ധതികളാണ് ഭേദഗതി ചെയ്യുന്നത്.
ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ വാങ്ങല്‍, പഞ്ചായത്ത് റോഡുകളില്‍ ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതികള്‍ പുതിയ പദ്ധതികളായി പടന്ന പഞ്ചായത്ത് മുന്നോട്ടുവെച്ചു. ആകെ അടങ്കല്‍ തുക 27.9 ലക്ഷം രൂപ. പൈവളികെ പഞ്ചായത്തിന്റെ ഏഴ് പദ്ധതികളുടെ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. രണ്ട് പുതിയ പദ്ധതികളും പഞ്ചായത്ത് മുന്നോട്ടുവെച്ചു.