കൊറാണ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

post

തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ് -19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ മാര്‍ച്ച് 31 വരെ പൂര്‍ണമായും അടച്ചിടുമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എട്ട്, ഒന്‍പത് ക്ലാസുകുകളിലെ പരീക്ഷകള്‍ പൂര്‍ണ ജാഗ്രതയോടെ നടത്തും. എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല. കോളേജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. 

പരീക്ഷ എഴുതാനെത്തുന്ന രോഗ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ പരീക്ഷയെഴുതാം. അതേസമയം രോഗ ലക്ഷണമുള്ളവര്‍ക്ക് സേ പരീക്ഷയെഴുതാം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷയൊഴികെ മറ്റ് യാതൊരു പ്രവര്‍ത്തനങ്ങളോ ക്ലാസുകളോ അനുവദനീയമല്ല. ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ എന്നിവ നടത്തരുത്. അംഗന്‍വാടിയില്‍ പോകുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും ലഭിക്കേണ്ട ഭക്ഷണം വീടുകളില്‍ എത്തിച്ചുനല്‍കും. നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും.

രോഗ വ്യാപനം തടയുന്നതിനായി ഉത്സവങ്ങള്‍, പെരുന്നാളുകള്‍ എന്നിവ ചടങ്ങുകളാക്കി ഒതുക്കി ജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണം. ശബരിമലയില്‍ ആവശ്യമായ പൂജകള്‍ നടത്തുമെങ്കിലും ഭക്തജനങ്ങള്‍ ദര്‍ശനത്തിന് പോകുന്നത് ഒഴിവാക്കണം. കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. വിവാഹ ചടങ്ങുകള്‍ ലളിതമാക്കി നടത്തി ജനങ്ങള്‍ കൂടുന്നത് ഒഴിവാക്കേണ്ടതാണ്. നാടകം, സിനിമാ തീയേറ്റര്‍ സന്ദര്‍ശനം തുടങ്ങിയവ മാര്‍ച്ച് 31 വരെ ഒഴിവാക്കണം. 

സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ രോഗ ബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. സാനിറ്റൈസര്‍ ഉപയോഗം ആവശ്യമാണ്. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മാര്‍ച്ച് 31 വരെ ഉണ്ടാകില്ല. മാസ്‌ക് പൂര്‍ണമായ പ്രതിരോധ രീതിയല്ലെങ്കിലും മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. 

വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതലെടുക്കണം. ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. വിദേശ പൗരന്മാര്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് സെല്ലുമായി ബന്ധപ്പെടണം. വിദേശത്തുനിന്ന് എത്തുന്നവര്‍ അക്കാര്യം അറിയിക്കാതെ വിവരം മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. ഇവര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കും.

കോറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളുടെയും സഹായം തേടും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെയെല്ലാം സഹായത്തോടുകൂടിയാണ് സര്‍വൈലന്‍സ് സിസ്റ്റം ശക്തിപ്പെടുത്തുന്നത്. നഗര പ്രദേശങ്ങൡ റസിഡന്റ്‌സ് അസോസിയേഷന്റെ സഹായം തേടും. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനുപുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും നിലവില്‍ സാമ്പിള്‍ പരിശോധനാ സംവിധാനം ഉണ്ട്. ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകള്‍ എത്തുന്ന മറ്റ് യാത്രാമാര്‍ഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതല്‍ സ്റ്റാഫിനെ നല്‍കും. ഇന്നത്തെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.

കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ അവിടേക്കുള്ള പ്രവശേനത്തിനായി കൊറോണ ഇല്ല എന്നത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് ജോലിയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ഗൗരമായിതന്നെ കാണുന്നുണ്ട്. ഇക്കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. തുടര്‍ന്നും കേന്ദ്രവുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കും. 

സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളും ഇതില്‍ പെടും. സര്‍ക്കാറിന്റെയോ ഔദ്യോഗിക സംവിധാനങ്ങലുടെയോ നിര്‍ദേശങ്ങള്‍ വര്‍ത്തകളായി നല്‍കാവുന്നതാണ്. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ നല്‍കുന്ന പിആര്‍ഡി വാര്‍ത്തകള്‍ ഉപയോഗിക്കാവുന്നതാണ്. അടിസ്ഥാന രഹിതവും അനാവശ്യ ഭീതിയുളവാക്കുന്ന തരം വാര്‍ത്തകളും ഒഴിവാക്കണമെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.