ജൽ ജീവൻ മിഷൻ വൈക്കം മണ്ഡലത്തിൽ 5693 കുടിവെള്ള കണക്ഷനുകൾ കൂടി നൽകിയാൽ 100% നേട്ടം

post

കോട്ടയം: ജൽ ജീവൻ മിഷൻ ആരംഭിച്ച ശേഷം ജില്ലയിൽ ഇതുവരെ ഏറ്റവുമധികം കുടിവെള്ള കണക്ഷനുകൾ നൽകിയത് വൈക്കം നിയോജകമണ്ഡലത്തിൽ. ഇനി 5693 കണക്ഷനുകൾ കൂടി നൽകിയാൽ വൈക്കം നിയോജകമണ്ഡലത്തിൽ നൂറുശതമാനം ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ കൂടിയ ജല ജീവൻ മിഷൻ പദ്ധതി ജില്ലാതല അവലോകന യോഗത്തിലാണ് വിലയിരുത്തൽ.

വൈക്കം മണ്ഡലത്തിൽ ആകെ 50356 ഗ്രാമീണ വീടുകളാണുള്ളത്. 19065 വീടുകൾക്കായിരുന്നുമുമ്പ് കുടിവെള്ള കണക്ഷൻ ഉണ്ടായിരുന്നത്. ജൽ ജീവൻ മിഷൻ ആരംഭിച്ചശേഷം 25598 കണക്ഷനുകൾ കൂടി നൽകി. ഇനി 11.31 ശതമാനം വീടുകളിൽ കൂടി കണക്ഷൻ നൽകിയാൽ മതി. തലയാഴം ഗ്രാമപഞ്ചായത്തിൽ 100 ശതമാനം വീടുകളിലും കണക്ഷൻ നൽകിക്കഴിഞ്ഞു. വെച്ചൂർ ഗ്രാമപഞ്ചായത്തിൽ 63 കണക്ഷൻ കൂടി നൽകിയാൽ 100 ശതമാനം പൂർത്തിയാകും. 78.57 കോടി രൂപയാണ് മണ്ഡലത്തിൽ ജൽ ജീവൻ മിഷനു വേണ്ടി ഭരണാനുമതി നൽകിയിട്ടുളളത്.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഗ്രാമീണവീടുകളിൽ പദ്ധതിയിലൂടെ 22700 കണക്ഷനുകൾ നൽകി. 9527 കണക്ഷനുകളാണ് മുമ്പുണ്ടായിരുന്നത്. 14838 കണക്ഷനുകൾ കൂടി നൽകിയാൽ 100 ശതമാനമാകും. കുമരകം, ആർപ്പൂക്കര പഞ്ചായത്തുകളിൽ 100 ശതമാനവും കണക്ഷൻ നൽകിക്കഴിഞ്ഞു. തിരുവാർപ്പ് പഞ്ചായത്തിൽ 619 കണക്ഷനുകൾ കൂടി നൽകാനായാൽ 100 ശതമാനത്തിലെത്തും. മണ്ഡലത്തിലെ പ്രവർത്തികൾക്ക് 103.10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കടുത്തുരുത്തി മണ്ഡലത്തിൽ പുതുതായി 15,830 കണക്ഷനുകൾ പദ്ധതിയിലൂടെ നൽകി. 30711 കണക്ഷനുകൾ കൂടി നൽകുകയാണ് ലക്ഷ്യം.

പുതുപ്പള്ളി-6291, കോട്ടയം-658, പാലാ-2235, ചങ്ങനാശേരി-2682, കാഞ്ഞിരപ്പള്ളി-5903, പൂഞ്ഞാർ-1322 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിൽ പദ്ധതി തുടങ്ങിയ ശേഷം നൽകിയ പുതിയ കണക്ഷനുകളുടെ എണ്ണം. കടുത്തുരുത്തിക്ക് 377.86 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്. പുതുപ്പള്ളി 429.09-കോടി രൂപ, കോട്ടയം-167.21 കോടി രൂപ, പാലാ-854.11 കോടി രൂപ, ചങ്ങനാശേരി-431.27 കോടി രൂപ, കാഞ്ഞിരപ്പള്ളി-487.68 കോടി രൂപ, പൂഞ്ഞാർ-931.42 കോടി രൂപ ഇങ്ങനെയാണ് ഭരണാനുമതി നൽകിയ തുക. ജില്ലയിൽ ആകെ. 3860.33 കോടി രൂപയുടെ പ്രവർത്തികൾക്കു ഭരണാനുമതി നൽകിയിട്ടുണ്ട്.

ഒൻപതു മണ്ഡലങ്ങളിലായി 71 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു പഞ്ചായത്തുകൾ 100 ശതമാനം കണക്ഷൻ എന്ന നേട്ടം കൈവരിച്ചു. ചെമ്പ്, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ പഞ്ചായത്തുകളിൽ അഞ്ഞൂറിൽ താഴെയും കല്ലറ, കൊഴുവനാൽ, മറവൻതുരുത്ത്, ടി.വി. പുരം, ഉഴവൂർ, തിരുവാർപ്പ് പഞ്ചായത്തുകളിൽ ആയിരത്തിൽ താഴെയും കണക്ഷനുകൾ കൂടി നൽകിയാൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കാനാവും. ബാക്കി 59 പഞ്ചായത്തുകളിലും ആയിരത്തിനുമുകളിൽ കണക്ഷൻ നൽകേണ്ടതുണ്ട്.

ജില്ലയിൽ 4,82,878 ഗ്രാമീണവീടുകളാണുള്ളത്. 3,73,493 പുതിയ കണക്ഷനുകൾക്കാണ് ഭരണാനുമതി നൽകിയത്. ഇതിൽ 21,1033 സാങ്കേതികാനുമതി നൽകി. 2,08,290 കണക്ഷനുകൾക്കു കരാർ വിളിച്ചു. 1,84,984 വർക്ക് ഓർഡർ നൽകി. ഇതിൽ 61,001 കണക്ഷനുകളാണ് നൽകിയത്. മറ്റു പ്രവർത്തികളിലൂടെ 23,088 കണക്ഷനും നൽകി. ഇതുകൂടി ചേർത്ത് ജൽ ജീവൻ മിഷൻ ആരംഭിച്ച ശേഷം മൊത്തം 83219 കണക്ഷനുകളാണ് ജില്ലയിൽ നൽകിയിട്ടുള്ളത്. ഇനി 2,89,715 കണക്ഷനുകൾ (60%) കൂടി നൽകിയാൽ ജില്ലയിൽ ജൽ ജീവൻ മിഷൻ ദൗത്യം പൂർണവിജയം നേടും.