ജില്ലയിൽമാലിന്യ പരിപാലനത്തിന് ഊർജിത നടപടി

post

ഹരിതമിത്രം വിജയിപ്പിച്ച വരെ അനുമോദിക്കും, ഉത്സവങ്ങളും ആഘോഷങ്ങളും ഹരിതച്ചട്ടം പാലിച്ച് നടത്തണം

സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കാന്‍ 10 ഗ്രാമപഞ്ചായത്തുകളുടെ പട്ടിക അംഗീകരിച്ചു

കാസർകോട്: മാലിന്യ പരിപാലന ഏകോപന സമിതി യോഗത്തില്‍ ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ സ്ഥിതി, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കി ഇതുവരെയും സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കാത്ത പഞ്ചായത്തുകളില്‍, സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കാന്‍ കഴിവുള്ള ഗ്രാമപഞ്ചായത്തുകളുടെ പട്ടിക മുന്‍ഗണനാക്രമത്തില്‍ അംഗീകരിച്ചു.

തൃക്കരിപ്പൂര്‍, വലിയപറമ്പ, എന്‍മകജെ, ചെമ്മനാട്, മധൂര്‍, കയ്യൂര്‍ ചീമേനി, വെസ്റ്റ് എളേരി, പുത്തിഗെ, പൈവളിഗെ, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നവകേരളം കര്‍മ്മ പദ്ധതി ഓഫീസില്‍ നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

ശുചിത്വ പദവി ഇതുവരെയും ലഭിക്കാത്ത കാസര്‍കോട് മുനിസിപ്പാലിറ്റിക്കും മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്കും ശുചിത്വ പദവി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു. വലിച്ചെറിയല്‍ മുക്ത ജില്ല പദ്ധതിയോട് അനുബന്ധിച്ച് വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് ബ്ലോക്ക് തലത്തില്‍ യോഗം വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി.

ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉപയോഗം സംബന്ധിച്ച് സ്‌കൂള്‍തലത്തില്‍ നടന്ന ക്ലാസുകളുടെ വിശദാംശങ്ങള്‍ അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശുചിത്വമിഷന്‍, നവകേരളം കര്‍മ്മപദ്ധതിയെ ചുമതലപ്പെടുത്തി. മാലിന്യമുക്ത ഓഫീസുകള്‍, ഹരിത ഓഫീസുകള്‍ ഗ്രേഡിംഗ് ഡിസംബര്‍, ജനുവരി മാസത്തില്‍ നടത്താന്‍ തീരുമാനിച്ചു. നിലവില്‍ ജില്ലാതലത്തിലുള്ള കമ്മിറ്റിക്ക് പുറമെ പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ പ്രത്യേക ടീം ഉണ്ടാക്കി ഗ്രേഡിംഗ് നടത്താനും തീരുമാനിച്ചു. അംഗീകാരത്തിനായി സംസ്ഥാന ശുചിത്വമിഷനില്‍ അപേക്ഷിക്കാവുന്നതാണ്.

ഹരിതമിത്രം പ്രവര്‍ത്തനം വിജയിപ്പിച്ച എല്ലാവരെയും യോഗത്തില്‍ അഭിനന്ദിച്ചു. ഹരിതമിത്രം ഗാര്‍ബേജ് ആപ്പുകള്‍ മുഖേന സേവനം നല്‍കുന്ന പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണം. നല്‍കുന്ന സേവനം സംബന്ധിച്ച് വിപുലമായ ക്യാമ്പയിനും സംഘടിപ്പിക്കും. പി.പി.ടി തയ്യാറാക്കി താഴെതലം വരെ പ്രചരിപ്പിക്കുക തുടങ്ങിയ ചുമതലകള്‍ കെല്‍ട്രോണ്‍ കോര്‍ഡിനേറ്റരെ ഏല്‍പ്പിച്ചു.

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് അടുത്ത വര്‍ഷം മുഴുവന്‍ പഞ്ചായത്തുകളിലും തുടങ്ങുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കാനും, ഹരിതമിത്രം പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരെയും തദ്ദേശഭരണ തലത്തില്‍ അനുമോദിക്കാന്‍ വേണ്ട നടപടിയുണ്ടാക്കാനും, ഹരിതകര്‍മ്മസേനയ്ക്ക് വെയിംഗ് മെഷീന്‍ വാങ്ങുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും എല്‍.എസ്.ജി.ഡി, ജെ.ഡി എന്നിവയെ ചുമതലപ്പെടുത്തി.

ഹരിതകര്‍മ്മസേന പ്രവര്‍ത്തനം ഫലപ്രദമായി വിലയിരുത്താന്‍ പഞ്ചായത്ത് തലത്തില്‍ യോഗം ചേരാനും, ബ്ലോക്ക് തലത്തില്‍ കണ്‍സോര്‍ഷ്യം സെക്രട്ടറി, പ്രസിഡണ്ട്, ശുചിത്വമിഷന്‍, നവകേരളം, കുടുംബശ്രീ ആര്‍.പിമാര്‍, ജി.ഇ.ഒ മാര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് മോണിറ്ററിംഗ് നടത്താനും യോഗത്തില്‍ തീരുമാനമായി. എല്ലാ മാസവും ആദ്യത്തേയും മൂന്നാമത്തേയും ആഴ്ച യോഗം ചേരണം ഇതിനായി കുടുംബശ്രീ കോര്‍ഡിനേറ്റരെ ചുമതലപ്പെടുത്തി.

സിവില്‍ സ്റ്റേഷന്‍ മാലിന്യമുക്തമാക്കുന്നതിന് നവകേരളം കര്‍മ്മപദ്ധതി ടീം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടറിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.ജില്ലയില്‍ നടക്കുന്ന ഉത്സവങ്ങളും, ആഘോഷങ്ങളും, ഓഡിറ്റോറിയങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചു.

കാസര്‍കോട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട് ഭൂവികസനപ്രവര്‍ത്തനം നടത്തുകയും മാലിന്യമുക്തമാക്കാനും നടപടി കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി ജെ.ഡി, പി.എ.യു, കെ.പി.സി എന്നിവയെ ചുമതലപ്പെടുത്തി. ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തന പുരോഗതിയെ സംബന്ധിച്ച് ഏകോപനസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശുചിത്വമിഷനോടു നിര്‍ദ്ദേശിച്ചു.

നിലവില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവങ്ങളും മേളകളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പ്ലാസ്റ്റിക്ക് ബദല്‍ ഉത്പന്നങ്ങള്‍ ലഭ്യമാവുന്ന സംരംഭങ്ങളുടെ ഡയറക്ടറി തയ്യാറാക്കാന്‍ തീരുമാനമായി. ഇതിനായി കുടുംബശ്രീ, നവകേരളം കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി. മംഗല്‍പാടി പഞ്ചായത്തിലെ മാലിന്യപ്രശ്‌നത്തിലെ ഇടപെടലുകള്‍ സംബന്ധിച്ച് നവകേരളം കോര്‍ഡിനേറ്റര്‍ വിശദീകരിച്ചു. കൂമ്പനൂര്‍ പ്ലാന്റിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ശുചിത്വമിഷന്റെയും, ക്ലീന്‍ കേരള കമ്പനിയിലേയും വിദഗ്ദരുടെ സഹായം ആവശ്യമാണെന്ന് യോഗം വിലയിരുത്തി.