ആവേശമായി കുട്ടികര്‍ഷകരുടെ കൊയ്ത്തുത്സവം

post

മണ്ണഞ്ചേരി പഞ്ചായത്തിന്റെ നെല്‍കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്

ആലപ്പുഴ : കൊയ്ത്തു പാട്ടിന്റെ താളത്തിനൊപ്പം കുട്ടികര്‍ഷകര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പുഞ്ച കൃഷി വിളവെടുപ്പില്‍ കുട്ടികള്‍ക്കൊപ്പം ജന പ്രതിനിധികള്‍ കൂടി ചേര്‍ന്നപ്പോള്‍ കൊയ്ത്തുത്സവം ആവേശമായി.   അമ്പനാകുളങ്ങര തെക്കേക്കരി  പാടശേഖരത്തിലെ കൊയ്ത്തുത്സവവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചായത്ത് നടപ്പാക്കിയ 'വയല്‍ പച്ച' പദ്ധതിയുടെ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു.

14 ഹെക്ടറിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് പുഞ്ചകൃഷി ഇറക്കിയത്. കൃഷിയുടെ ആദ്യ ദിനം മുതല്‍ 'വയല്‍ പച്ച' പദ്ധതിയിലെ 22 കുട്ടി കര്‍ഷകരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.  ഞാറ് നടീലിനും കുട്ടികള്‍ക്കുള്ള കൃഷി പരിപാലന ക്ലാസിനുമായി മുതിര്‍ന്ന കര്‍ഷകരും സ്ത്രീ തൊഴിലാളികളും പദ്ധതിയുടെ ഭാഗമായി. കൃഷി ഉദ്യോഗസ്ഥ രജിയുടെ നേതൃത്വത്തിലായിരുന്നു കുട്ടി കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പുഞ്ചകൃഷി. കഴിഞ്ഞ നവംബര്‍ മാസത്തിലാണ്  തെക്കേക്കരിയില്‍ കൃഷിയിറക്കിയത്. കുട്ടികളുടെ കൊയ്ത്തുത്സവത്തിനു സാക്ഷ്യം വഹിക്കാന്‍  പ്രദേശവാസികളും എത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ രണ്ടു തവണയും കൃഷി നശിച്ചു പോയിടത്തു നിന്നാണ് ഇത്തവണ നൂറുമേനി കൊയ്യാനായതെന്നു കരഷകര്‍ പറഞ്ഞു. കനത്ത വെയിലും, വെള്ളം കിട്ടാതെ വരികയും ചെയ്താല്‍ കൃഷി നശിപ്പിച്ചു പോകുമെന്ന ആശങ്കയില്‍ കൃഷിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നവര്‍ പലരും പാതിവഴിയില്‍ പിന്മാറിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും പിന്തുണയാണ് കൃഷിയുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായത്. വയല്‍ പച്ച പദ്ധതിയില്‍ പങ്കാളികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു.