കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍

post


149 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിലവില്‍ ആശുപത്രിയിലുള്ളവരുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് മന്ത്രി വ്യക്തമാക്കി.

വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ച് വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.

രോഗം സംശയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്. എസ്. എല്‍. സി പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. ഒമ്പതാം ക്ളാസ്‌  വരെയുള്ള പരീക്ഷ മാറ്റി വയ്ക്കുന്ന കാര്യത്തില്‍ ഇന്ന്  (മാര്‍ച്ച് 10) തീരുമാനമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ പോസിറ്റീവ് കേസ് അറിഞ്ഞയുടന്‍ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. കോണ്ടാക്ട് ട്രെയിസിംഗ് കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. ഇതുവരെ പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 270 പേരെയും ദ്വിതീയ സമ്പര്‍ക്കത്തിലേര്‍പ്പെട്ട 449 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 95 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണുള്ളത്.

രോഗലക്ഷണത്തോടെ ധാരാളം കേസുകള്‍ വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടി വരും. ഇതിനായി കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് അനുമതി തേടിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സാമ്പിള്‍ പരിശോധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍, എറണാകുളം വിമാനത്താവളങ്ങളില്‍ രോഗപരിശോധനയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. നിലവില്‍ എയര്‍പോര്‍ട്ടില്‍ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുമതി ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അതാത് വിമാനത്താവളങ്ങളിലെ മേലധികാരികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ സര്‍വയലന്‍സ് സിസ്റ്റം ശക്തിപ്പെടുത്തും. നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷനുകളുടെ സഹായത്തോടെ നിരീക്ഷണം നടത്തും.

കുവൈറ്റും, സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോവിഡ് 19 ആയി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നു വന്നവര്‍ അക്കാര്യം മറച്ചു വച്ചാല്‍ പബ്ലിക് ഹെല്‍ത്ത് ആക്ടനുസരിച്ച് കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള കോവിഡ് 19 ബാധിച്ചയാളുടെ 90 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുവയസുകാരന്റെ അമ്മയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. മാസ്‌കിന്റെ വില കൂട്ടുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കോവിഡ് 19 പടരാതിരിക്കാന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ പിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു.