വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയതിൽ തദ്ദേശസ്ഥാപനങ്ങൾക്കു വലിയ പങ്ക്

post

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സമ്പത്തുൽപാദിപ്പിക്കുന്ന പരിപാടികൾക്കു നേതൃത്വം നൽകണമെന്നു തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സേവനങ്ങൾ നൽകിയതുകൊണ്ടു മാത്രമായില്ല, സംരംഭങ്ങൾ വളർത്തിയെടുക്കാനും പ്രാദേശിക സർക്കാരുകൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. മണർകാട് സെന്റ് മേരീസ് പള്ളി ഹാളിൽ ചേർന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അവലോകന യോഗം 'നവകേരളം തദ്ദേശകം 2.0' ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സർക്കാർ നയം പരിഷ്‌കരിച്ചതിനെത്തുടർന്നു സാമ്പത്തികവർഷം ഏഴുമാസം പിന്നിട്ടപ്പോൾ തന്നെ 80,000 പ്രാദേശിക സൂക്ഷ്മ സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കാനായി. 1,83,000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കാനായെന്നും മന്ത്രി പറഞ്ഞു. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയതിൽ തദ്ദേശസ്ഥാപനങ്ങൾക്കു വലിയ പങ്കാണുള്ളത്. അനുമതികൾ വേഗത്തിലാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളിൽ വന്ന മാറ്റമാണ് വ്യവസായ അനുകൂല അന്തരീക്ഷ റാങ്കിങ്ങിൽ കുതിച്ചുചാട്ടത്തിനു സഹായകമായത്. പ്രാദേശിക സാമ്പത്തിക വികസനത്തിനു സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചേ മതിയാകൂവെന്നും ഇത്തരത്തിൽ സാമ്പത്തിക വികസനമുണ്ടാകുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കാൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാകുമെന്നും മന്ത്രി പറഞ്ഞു.

ആസ്തി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ മാത്രമേ അടുത്തവർഷം മുതൽ തദ്ദേശസ്ഥാപനങ്ങൾക്കു മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കൂ. നവംബർ മാസത്തോടെ ആസ്തി രജിസ്റ്റർ പുതുക്കൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യസംസ്‌കരണത്തിലെ വാതിൽപ്പടി ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ ബഹുജനപങ്കാളിത്തത്തോടെയുള്ള വലിയ കാമ്പയിൻ നടത്താൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണം. മാലിന്യസംസ്‌കരണ പ്ലാന്റല്ല, മാലിന്യം സംസ്‌കരിക്കാത്തതാണ് അപകടമെന്നു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

'മനസോടിത്തിരി മണ്ണ്' ഭൂമിദാനപദ്ധതിയിൽ ലൈഫ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ടീച്ചർ എൽസമ്മ ജോസഫ്, 85 സെന്റ് ഭൂമി പദ്ധതിക്കായി സമാഹരിക്കുന്നതിൽ മുൻകൈയെടുത്ത വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ലൂക്ക് മാത്യൂ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

2020-2021 വർഷത്തിൽ മികച്ച സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാർ എസ്. കൈമൾ (കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്), ഷീബ സ്റ്റീഫൻ( മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്) എന്നിവർക്ക് മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരം സമ്മാനിച്ചു. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റ(ഐ.എൽ.ജി.എം.എസ്.)ത്തിൽ മികവു പുലർത്തി സേവനത്തിൽ മുന്നിലെത്തിയ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അതിദാരിദ്ര്യ നിർമാർജനത്തിനുള്ള മൈക്രോ പ്ലാൻ ജില്ലയിൽ ആദ്യം തയാറാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ബ്ളോക്കു പഞ്ചായത്ത്, ഈരാറ്റുപേട്ട നഗരസഭ എന്നിവർക്കുമുള്ള പുരസ്‌കാരങ്ങൾ മന്ത്രി കൈമാറി.