ആരവം-22': ആരോഗ്യപ്രവർത്തകരുടെ ജില്ലാ കായികമേള 12 മുതൽ

post

ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ജില്ലാ കായികമേള കോട്ടയത്ത് നവംബർ 12, 13, 14 തീയതികളിൽ നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ പ്രിയ അറിയിച്ചു. ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം ഇന്ന് (നവംബർ 11) നിർവഹിക്കും. കോട്ടയം സി.എം.എസ് കോളേജ് ഹൈസ്‌കൂൾ, സി.എം.എസ് കോളേജ് എന്നീ ഗ്രൗണ്ടുകളിലും, രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലുമായിരിക്കും വിവിധ ഇനങ്ങൾ നടക്കുക.

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും നിയമസഭാ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ടീമുകളാക്കിയാണ് മത്സരങ്ങൾ നടക്കുക. മേളയുടെ സമാപനം നവംബർ 14ന് വൈകിട്ട് 4 മണിക്കും നടക്കും. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അത്ലറ്റിക്, മാരത്തോൺ, ക്രിക്കറ്റ്, ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.