പൊന്നാനി ടൂറിസം വികസനം; വിവിധ വകുപ്പുകളുടെ യോഗം ചേർന്നു

post

പൊന്നാനി നിയോജക മണ്ഡലത്തിലെ ടൂറിസം മേഖലയിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചും തടസ്സങ്ങൾ മറികടക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം പി.നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. പൊന്നാനി നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ സൗന്ദര്യവൽക്കരണത്തിനായുള്ള സ്ഥലത്തിന്റെ അനുവദനീയ അനുമതി ലഭ്യമാക്കാൻ ടൂറിസം ഡയറക്ടർ, ചമ്രവട്ടം പ്രൊജക്ട് ചീഫ് എഞ്ചിനീയർ, വകുപ്പ് മന്ത്രി എന്നിവർക്ക് കത്ത് നൽകാൻ യോഗത്തിൽ തീരുമാനമായി.

ബിയം പുളിക്കകടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ സംബന്ധിച്ച ആശങ്കകൾ തീർക്കാൻ ഉടൻ നടപടി സ്വീകരിക്കും. നിർമാണം അന്തിമഘട്ടത്തിലെത്തിയ കർമപാലത്തിലും അപ്രോച്ച് റോഡിലും തെരുവുവിളക്കുകൾ സംബന്ധിച്ച അവ്യക്തത നീക്കി പാലം ഉടൻ തുറന്ന് കൊടുക്കാനുമുള്ള നടപടികൾ സ്വീകരിക്കും. പുളിക്കകടവിൽ ആദ്യ ഘട്ട നിർമാണം പൂർത്തീകരിച്ച സ്ഥലത്ത് സ്ഥിരം കെട്ടിട നമ്പർ നൽകുന്നതിനും വൈദ്യുതീകരണം, കുടിവെള്ള സംവിധാനം എന്നിവയിലെ സാങ്കേതിക പ്രശ്‌നങ്ങൾ മറികടക്കുന്നതിനും ജില്ല കളക്ടർക്ക് കത്ത് നൽകാനും യോഗത്തിൽ ധാരണയായി.