പക്ഷിപ്പനി : റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു

post

പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതം

കോഴിക്കോട് : കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണം, റവന്യു, ആരോഗ്യം, വനം, ആഭ്യന്തരം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികള്‍ അടങ്ങുന്നതാണ് ടീം. രോഗ നിയന്ത്രണത്തിന് ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങനുസരിച്ചുള്ള തുടര്‍ നടപടികളാണ് സംഘം സ്വീകരിക്കുകയെന്ന്  വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ വേങ്ങരി, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികള്‍, മുട്ടകള്‍ എന്നിവ നശിപ്പിക്കാന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് നിര്‍ദ്ദേശം നല്‍കി. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്റ്റഡ് സോണായും ഒന്‍പത് കിലോമീറ്റര്‍ ചുറ്റളവ് സര്‍വലൈന്‍സ് സോണായും പരിഗണിച്ച് പക്ഷികളുടെ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ലഭ്യമായിട്ടുള്ള പേര്‍സണല്‍ പ്രൊട്ക്ടീവ് എക്യുപ്‌മെന്റ് കിറ്റുകള്‍ കോഴിക്കോടെത്തിക്കും. പുതിയ 5000 കിറ്റുകള്‍ വാങ്ങാനും നടപടി തുടങ്ങി. ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ എന്നറിയപ്പെടുന്ന പക്ഷിപ്പനി അപൂര്‍വ്വമായി മാത്രമെ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളു. ടെപ്പ് എ ഇന്‍ഫ്ളൂവന്‍സ ഗണത്തിലെ എച്ച് 5, എച്ച് 7 ഉപഗണത്തില്‍പ്പെട്ട് വൈറസാണിത്.  ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്റെ ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. ഫോണ്‍ 0495 2762050. സംസ്ഥാനതലത്തില്‍ പാലോട് അനിമല്‍ ഡിസീസിലെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ ബന്ധപ്പെടാം. ഫോണ്‍ 9447016132, 7012413432.