പട്ടാമ്പിയിലെ ആദ്യ മാതൃക അങ്കണവാടി പ്രവർത്തനമാരംഭിച്ചു

പട്ടാമ്പി മണ്ഡലത്തിലെ ആദ്യ മാതൃക അങ്കണവാടി കെട്ടിടം ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കരിപ്പൊട്ടിൽചേരിയിൽ പ്രവർത്തനം ആരംഭിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കണവാടികൾ എന്നത് കുട്ടികൾക്ക് കളിക്കാനും പഠിക്കാനും ഉള്ള സൗകര്യം മാത്രമല്ലെന്നും അതിനുമപ്പുറം പ്രദേശത്തെ മുതിർന്ന കുട്ടികൾ, കൗമാരപ്രായക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അവരുടെ ആരോഗ്യപരമായ കാര്യങ്ങളിലെ ഇടപെടലുകൾ, അവർക്ക് ആവശ്യമായ പോഷകാഹാരം നൽകൽ തുടങ്ങിയവയെല്ലാം അങ്കണവാടികൾക്ക് നൽകാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ, കളിസ്ഥലം, ശുചിമുറി, ഹൈടെക് ക്ലാസ് റൂം എന്നിവയെല്ലാം ചേർന്നതാണ് മാതൃക അങ്കണവാടി.
വനിതാ ശിശു വികസന വകുപ്പ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 23,75,000 രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 40 അങ്കണവാടികൾ ഉണ്ട്. എല്ലാത്തിനും സ്വന്തമായി സ്ഥലമുണ്ട്. 37 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടമായി. ബാക്കി മൂന്നെണ്ണത്തിന്റെ കാര്യം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാകുമെന്നും ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി രജീഷ് പറഞ്ഞു.