ഇനി കായികോത്സവ ദിനങ്ങൾ; കളിക്കളം കായികമേളയ്ക്ക് കൊടിയേറി

കായികമേള മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല കായികമേള 'കളിക്കളം-2022ന് തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടിഡിഒകളിലെ കുട്ടികൾ വിശിഷ്ടാതിഥികൾക്ക് അഭിവാദ്യം അർപ്പിച്ച മാർച്ച് പാസ്റ്റും മുൻ കളിക്കളം ജേതാക്കൾ അണിനിരന്ന ദീപശിഖാ പ്രയാണവും ഉദ്ഘാടനചടങ്ങിന് മുന്നോടിയായി നടന്നു.
കളിക്കളം-2022ന്റെ ഭാഗ്യചിഹ്നമായ വിക്ടറിന്റെ സാന്നിധ്യത്തിൽ മന്ത്രി കായികമേളയ്ക്ക് കൊടിയുയർത്തി. പാഠ്യപദ്ധതി പരിഷ്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകി, വിദ്യാലയങ്ങളിൽ മികച്ച കായിക സംസ്കാരം രൂപപ്പെടുത്തിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരം വേദിയാകുമെന്നും അദ്ദേഹം അറിയിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ. വി. ധനേഷ് വിദ്യാർഥികൾക്ക് കായിക പ്രതിജ്ഞ ചൊല്ലികൊടുത്തു.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും, 115 പ്രീമെട്രിക് /പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകൾ ''കളിക്കളം 2022'' ൽ അണിനിരക്കും. നവംബർ 10 വരെ തുടരുന്ന കായികമേളയിൽ 74 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.