കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ ഒമ്പത് മുതല്‍ 13 വരെ

post

പാലക്കാട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ ഒമ്പത് മുതല്‍ 13 വരെ നടക്കും. ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച പത്മഭൂഷണ്‍ ജേതാവ് സംഗീത കലാനിധി ടി.വി ശങ്കരനാരായണന്‍ നഗര്‍ വേദിയില്‍ നടക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

പുരന്ദരദാസര്‍ ദിനമായി ആഘോഷിക്കുന്ന നവംബര്‍ ഒമ്പതിന് വൈകീട്ട് ആറിനാണ് ഉദ്ഘാടന സമ്മേളനം. വൈകീട്ട് ഏഴിന് കുന്നക്കുടി എം. ബാലമുരളിയുടെ സംഗീത കച്ചേരി നടക്കും. തിരുവിഴവിജു എസ്. ആനന്ദ് (വയലിന്‍), കുഴല്‍മന്ദം ജി. രാധാകൃഷ്ണന്‍ (മൃദംഗം), വി. അനിരുദ്ധ് ആത്രേയ (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും. നവംബര്‍ 10 ന് ശ്യാമശാസ്ത്രി ദിനമായി ആഘോഷിക്കുന്നു. അന്ന് വൈകിട്ട് അഞ്ചിന് ചെമ്പൈ സ്മാരക ഗവ സംഗീത കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഗീതച്ചേരി അവതരിപ്പിക്കും. വൈകീട്ട് ഏഴിന് പത്മശ്രീ ജേതാവ് സംഗീത കലാനിധി കുമാരി കന്യാകുമാരിയും വിശ്വേഷ് ചന്ദ്രശേഖരനും നയിക്കുന്ന വയലിന്‍ ഡ്യൂയറ്റ് ഉണ്ടാകും. മന്നാര്‍ഗുഡി എ. ഈശ്വരന്‍ (മൃദഗം), ബി.എസ് പുരുഷോത്തം (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും. നവംബര്‍ 11 ന് സ്വാതി തിരുനാള്‍ ദിനമായി ആചരിക്കും. വൈകിട്ട് അഞ്ചിന് ദേവന്‍ അന്തിക്കാടിന്റെ സംഗീത കച്ചേരി. കൈലാസപതി (വയലിന്‍), അനിരുദ്ധ് രാജ് (മൃദംഗം) എന്നിവരാണ് പക്കമേളം. ഏഴിന് അംബികാപുരം ജി.കെ ശിവരാമന്റെ സംഗീത കച്ചേരിയും നടക്കും. ആറ്റുകാല്‍ സുബ്രഹ്മണ്യന്‍ (വയലിന്‍), കൊടുന്തിരപ്പുള്ളി കെ.പി പരമേശ്വരന്‍ (മൃദംഗം), വെള്ളാട്ടഞ്ചൂര്‍ ശ്രീജിത്ത് (ഘടം) എന്നിവരാണ് പക്കമേളമൊരുക്കുന്നത്.

നവംബര്‍ 12 ന് മുത്തുസ്വാമി ദീക്ഷിതര്‍ ദിനമായി ആഘോഷിക്കുന്നു. അന്ന് വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ കോളെജിലെ മ്യൂസിക് വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരിയും ഏഴിന് കെ.എസ് വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടക്കും. എം.എ കൃഷ്ണസ്വാമി (വയലിന്‍), പാലക്കാട് എ. ഗണേശന്‍ (മൃദംഗം), ആലത്തൂര്‍ ടി. രാജ ഗണേഷ് (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും. നവംബര്‍ 13 ന് ത്യാഗരാജ സ്വാമികള്‍ ദിനമായി ആഘോഷിക്കുന്നു. അന്ന് വൈകീട്ട് ആറിന് സമാപന സമ്മേളനം നടക്കും. തുടര്‍ന്ന് വൈകീട്ട് ഏഴിന് ഐശ്വര്യ വിദ്യയുടെ സംഗീതകച്ചേരി നടക്കും. കൊടുന്തിരപ്പുള്ളി സുബ്ബരാമന്‍ (വയലിന്‍), കോവൈ പ്രകാശ് (മൃദംഗം), കോവൈ സുരേഷ് (ഘടം) എന്നിവരാണ് പക്കമേളമൊരുക്കുന്നത്.