കൈപ്പമംഗലത്ത് വിദ്യാലയങ്ങളിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം

വിദ്യാർത്ഥികൾക്ക് കാർഷിക പരിജ്ഞാനം നൽകി വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കാർഷിക മേഖലയിലേക്ക് നയിക്കുവാൻ കൈപ്പമംഗലം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി.നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമിതിയായ അക്ഷര കൈരളിയിലെ കാർഷികവിഭാഗമായ തളിർ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് ശീതകാല പച്ചക്കറി കൃഷി വികസന പദ്ധതിക്ക് തുടക്കമിട്ടത് .കാർഷികവികസന കർഷകക്ഷേമ വകുപ്പിൻ്റെ സഹകരണത്തോടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 78 വിദ്യാലയങ്ങളാണ് ഈ ഉദ്യമത്തിൽ പങ്കുചേർന്നത്.
ഓരോ വിദ്യാലയത്തിനും 50 ചട്ടികൾ, പച്ചക്കറി തൈകൾ, അവയ്ക്ക് അനുയോജ്യമായ ജൈവവളങ്ങൾ എന്നിവ വിതരണം ചെയ്തു.കാബേജ്, കോളിഫ്ലവർ, തക്കാളി, പച്ചമുളക്, വഴുതന എന്നീ ശീതകാല പച്ചക്കറി ഇനങ്ങൾ ഓരോ സ്കൂളുകളിനും വിതരണം ചെയ്തു. പദ്ധതിയുടെ നടത്തിപ്പിനായി 9000 രൂപയാണ് ഓരോ സ്കൂളിനും നൽകിയത്. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൃഷി വകുപ്പ് പരിശീലനം നൽകിയിരുന്നു.