ലക്ഷ്യം പച്ചക്കറി ഉദ്പാദനത്തിലെ സ്വയംപര്യാപ്തതമന്ത്രി വി.എസ്.സുനില്‍കുമാര്‍

post

കോട്ടയം : പച്ചക്കറി ഉത്പാദനത്തില്‍ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. കുറവിലങ്ങാട് കോഴയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന് ഇത് സഹായകരമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഴവൂര്‍ ബ്ലോക്കിലെ ഓരോ പഞ്ചായത്തിനും 25,000 പച്ചക്കറി തൈകള്‍ വീതം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഹോര്‍ട്ടികോര്‍പ്പിന്റെ പതിനെട്ടാമത് സംഭരണകേന്ദ്രമാണ് കോഴയിലേത്. ഉഴവൂര്‍ ബ്ലോക്കിലും സമീപ പഞ്ചായത്തുകളിലും ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നേരിട്ട് സംഭരിച്ച് വില്‍പ്പന നടത്തുകയാണ്  ലക്ഷ്യം. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാര വിതരണം നിര്‍വഹിച്ചു. 
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ദിവാകരന്‍, ചലച്ചിത്ര സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  തോമസ് ടി. കീപ്പുറം, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. കെ.സജീവ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിനു മുന്‍പ് നടന്ന സെമിനാറില്‍ തേനീച്ച പരിപാലനത്തെക്കുറിച്ച്  ബി.സുനില്‍ ക്ലാസെടുത്തു.