സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിൽ ദേശീയ മെഗാ അദാലത്ത്
 
                                                സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക കോടതികളിൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. നവംബർ 12ന് നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും മെഗാ അദാലത്ത് നടത്തുന്നത്. സംസ്ഥാന, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളും ഉപഭോക്തൃ കമ്മീഷൻ ബാർ അസോസിയേഷനും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. മെഗാ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സുരേന്ദ്ര മോഹൻ എറണാകുളത്ത് നിർവഹിക്കും.
രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്. ഉപഭോക്തൃ കമ്മീഷനുകളിൽ നിലവിലുള്ള എല്ലാ തരം കേസുകളും അദാലത്തിൽ പരിഗണിക്കും. 1800 കേസുകളാണ് അദാലത്തിലേക്ക് പരിഗണിക്കുന്നത്. അദാലത്തിലൂടെ പരിഹരിക്കുന്ന കേസുകൾക്ക് വാദി ഭാഗം കെട്ടിവച്ചിട്ടുള്ള മുഴുവൻ തുകയും തിരികെ നൽകുമെന്ന് കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എല്ലാ വെള്ളിയാഴ്ചകളിലും ഓൺലൈൻ അദാലത്ത് നടത്തുന്നുണ്ട്. ഈ വർഷം അദാലത്തിലൂടെ സംസ്ഥാന കമ്മീഷൻ മാത്രം 1968 കേസുകൾ തീർപ്പാക്കി ദേശീയ തലത്തിൽ മാതൃകയായി.
ദേശീയ അദാലത്ത് സംസ്ഥാന കമ്മീഷന്റെ എറണാകുളം ക്യാമ്പ് ഓഫീസിലും നടത്തുമെന്നും കേസുകൾ പരിഗണിക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾ 7012156758 ൽ മെസേജ് അയയ്ക്കണമെന്നും കോർട്ട് ഓഫീസർ അറിയിച്ചു.










