എസ്.സി.ഇ.ആര്‍.ടിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

*പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ് സി ഇ ആര്‍ ടി) രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ശക്തമായ പിന്തുണ നല്‍കുന്ന സ്ഥാപനമാണ് എസ്.സി.ഇ.ആര്‍.ടിയെന്നും വിഷയങ്ങളുടെ ശാസ്ത്രീയ വശങ്ങള്‍ കണ്ടു പിടിക്കാനും അത് എല്ലാവരിലുമെത്തിക്കാനും നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള ജനകീയ വിദ്യാഭ്യാസമാണ് കേരളത്തിലുണ്ടാകേണ്ടത്. വിവിധ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളാണ് വിദ്യാഭ്യാസത്തെ നയിക്കുന്നത്. ഇതിലൂടെയാണ് മാനവികത നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.സി.ഇ.ആര്‍.ടി. സംഘടിപ്പിക്കുന്ന അധ്യാപക പരിവര്‍ത്തന കോഴ്‌സിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഓരോ കുട്ടിയുടെയും കഴിവ് കണ്ടെത്താനും പ്രാദേശിക സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യാനും വേണ്ട അറിവും ശേഷിയുമുള്ള അധ്യാപക സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആറ് മാസം ദൈര്‍ഘ്യമുള്ള അധ്യാപക പരിവര്‍ത്തന കോഴ്‌സ് നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കുമായി തയ്യാറാക്കിയ 16 പുസ്തകങ്ങള്‍ മന്ത്രി പ്രകാശനം ചെയ്തു.
രജത ജൂബിലി വര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ദേശീയ സംസ്ഥാന സെമിനാറുകള്‍, പഠനമാതൃകകളുടെ പ്രദര്‍ശനങ്ങള്‍, പുസ്തകപ്രകാശനം, മികവുകളുടെ പ്രദര്‍ശനം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒ. രാജഗോപാല്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാര്‍ എം എല്‍ എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ബി. വിജയലക്ഷ്മി, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്‍, കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ അന്‍വര്‍ സാദത്ത്, സീമാറ്റ് കേരള ഡയറക്ടര്‍ എം. എ. ലാല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഗവേര്‍ണിംഗ് ബോഡി അംഗം സി. രാമകൃഷ്ണന്‍, സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ എന്‍ ശ്രീകുമാര്‍, സി പി ചെറിയ മുഹമ്മദ്, സജീവ് തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.