പൊലിമ പുതുക്കാട്' ലോഗോ പ്രകാശനം ചെയ്തു

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിൽ ആവിഷ്കരിച്ച പൊലിമ പുതുക്കാടിന്റെ ലോഗോ കൃഷിമന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ കെകെ രാമചന്ദ്രൻ എംഎൽഎ മന്ത്രിക്ക് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. തൃശൂർ ആർട്സ് കോളേജ് വിദ്യാർത്ഥികളാണ് ലോഗോ തയ്യാറാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളെ ഉൾപ്പെടുത്തി മണ്ഡലത്തിലെ 40,000ൽ പരം സ്ത്രീകളെ കൃഷിയിലേയ്ക്ക് നയിക്കുന്ന പദ്ധതിയാണ് 'പൊലിമ പുതുക്കാട്'.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നിന്നായി രണ്ടായിരത്തിലധികം വരുന്ന കുടുംബശ്രീ യൂണിറ്റുകളിൽ കൃഷി വ്യാപിപ്പിച്ച് വിഷരഹിത ഭക്ഷ്യോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പച്ചക്കറി തൈകളും വിത്തുകളും നടുന്ന പ്രാരംഭഘട്ടത്തിന് തുടക്കമായി. തക്കാളി, ക്യാബേജ്, വെണ്ട, വഴുതന, മുളക്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളാണ് ഒന്നാം ഘട്ടത്തിൽ നടുന്നത്.