മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സർക്കാർ മുന്തിയ പരിഗണന നൽകും

കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ കെട്ടിടം ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും ജില്ലയിൽ വിദ്യാഭ്യാസ കോംപ്ലക്സ് ഒരുക്കുമെന്നും കേരള പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. താനൂർ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച ക്ലാസ്മുറി, കിച്ചൺ കം ഹാൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തി മത്സര പരീക്ഷകളിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും. കേരളത്തിലെ വിദ്യാഭ്യാസരംഗം പൊതുജനങ്ങൾ ഏറ്റെടുത്തിരിക്കുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നമ്മൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം കഴിഞ്ഞ് സ്കൂളുകളിലെത്തുന്ന പാഠപുസ്തകം തയ്യാറാക്കുന്നത് എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ചാണ്. പൊതുജനങ്ങൾ, വിദ്യാർഥികൾ, പിടിഎ എന്നിവർ ഇതിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി.
മൂന്ന് കോടിയുടെ കിഫ്ബി ഫണ്ടും 22 ലക്ഷം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് ക്ലാസ് മുറി കെട്ടിടത്തിന്റെയും കിച്ചൺ കം ഹാളിന്റെയും നിർമാണം പൂർത്തീകരിച്ചത്.