തൊഴില്‍ ലഭ്യതയുടെ മറുപേരായി യുവകേരളം; 70പേര്‍ കൂടി ജോലിയിലേക്ക്

post

കാസര്‍കോട്: അഭ്യസ്ത വിദ്യരാണെങ്കിലും നല്ലൊരു ജോലി ലഭിക്കേണ്ടേ..നാട്ടിന്‍പുറങ്ങളിലെ ചര്‍ച്ചകളില്‍ ഉയരുന്ന ഈ അഭിപ്രായത്തിന് മാറ്റം വരുത്തുകയാണ് യുവകേരളം. തൊഴിലധിഷ്ഠിത പഠനത്തിന്റെ പുതിയ സാധ്യതകളിലേക്ക് ഉദ്യോഗാര്‍ഥികളെ എത്തിച്ചാണ് യുവകേരള മാതൃകയാകുന്നത്. യുവകേരള ഡി.ഡി.യു ജി.കെ.വൈ കോഴിസുകള്‍ പൂര്‍ത്തീകരിച്ച 70 പേര്‍ കൂടി ഇനി അവരുടെതായ തൊഴില്‍മേഖലകളില്‍ ജോലി ചെയ്യും. ഇവര്‍ക്കുള്ള തൊഴില്‍ സ്ഥാപനങ്ങളുടെ ഓഫര്‍ ലെറ്ററുകള്‍ കൈമാറി. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള യുവത്വത്തിന് ആശ്വാസമാകുകയാണ് യുവകേരള.


പെരിയ എസ്.എന്‍ ട്രസ്റ്റിന്റെ പരിശീലന കേന്ദ്രത്തില്‍ നിന്നും മൂന്ന് മാസത്തെ ക്ലാസ് റൂം പരിശീലനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ 70 വിദ്യാര്‍ത്ഥികളാണ് എറണാകുളം, കോട്ടയം, മൂന്നാര്‍, വര്‍ക്കല, അതിരപ്പിള്ളി, തേക്കടി എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പ്രതിമാസം ഒന്‍പതിനായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ആദ്യ ഘട്ടത്തില്‍ ഓഫര്‍ ലെറ്ററില്‍ ലഭിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതാണ് യുവകേരള, ഡി.ഡി.യു ജി.കെ.വൈ കോഴ്സുകള്‍. 2020 ഡിസംബറില്‍ ആരംഭിച്ച പദ്ധതിയില്‍ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കിയത് കാസര്‍കോട് ജില്ലയിലാണ്.

ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ നടന്ന കുടുംബശ്രീ ഭാരവാഹികളുടെ പരിപാടിയില്‍ വെച്ച് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. ജില്ലമിഷന്‍ തയ്യാറാക്കിയ നൈപുണ്യ പരിശീലനം കൈപ്പുസ്തകത്തിന്റെ പ്രകാശനം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് നല്‍കി നിര്‍വഹിച്ചു.


എന്താണ് യുവകേരള

18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യുവകേരളത്തിലൂടെ പരിശീലനം നല്‍കുന്നത്. സ്ത്രീകള്‍, പ്രാക്തന ഗോത്ര വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, വൈകല്യമുള്ളവര്‍, മനുഷ്യക്കടത്തിന് ഇരയായവര്‍, എച്ച്.ഐ.വി ബാധിതര്‍ തുടങ്ങിയവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട് (45 വയസ്സുവരെ). പരിശീലനവും പഠനോപകരണങ്ങളും യൂണിഫോമും പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. റെസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ താമസവും ഭക്ഷണവും സൗജന്യമാണ്.

*സൗജന്യ പരിശീലനം

*മികച്ച അദ്ധ്യാപകരുടെ സേവനം

*സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍

*ദിവസേന 125/ രൂപയാത്രാബത്ത അല്ലെങ്കില്‍ ഭക്ഷണം, താമസം സൗജന്യം

*പ്രധാന കോഴ്‌സിന് പുറമേ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, സോഫ്റ്റ് സ്‌കില്‍ എന്നിവയില്‍ പ്രത്യേക പരിശീലനം എല്ലാ കോഴ്‌സിലും.

*മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

*വിഷയമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം.

*കേന്ദ്ര ഗവണ്‍മെന്റിന്റെ സെക്ടര്‍ സ്‌കില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്

*പരിശീലനം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശാനുസരണമുളള തൊഴില്‍