മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗത്തിന് 4 കോടി അനുവദിച്ചു

തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിന് 4 കോടി രൂപ അനുവദിച്ചു. കേരള സർക്കാർ 2022-23 ബജറ്റിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ റേഡിയോളജി വിഭാഗങ്ങളുടെ വികസനത്തിനായി 9 കോടി രൂപ നീക്കിവെച്ചിരുന്നു. മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെയുള്ള ഇമേജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ് തുക നീക്കിവെച്ചിട്ടുള്ളത്. ഇതിലേക്കായി മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗം തയ്യാറാക്കി നൽകിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും 4 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു.
1.8 കോടി രൂപ വില വരുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീനും, സ്പെഷ്യൽ എക്സ് റേ എടുക്കുന്നതിനായുള്ള 2. 2 കോടി രൂപ വില പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷീനും വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ട്രോമാ കെയർ കെട്ടിടത്തിന് താഴെ പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിനായി ധാരണയായിട്ടുണ്ട്.
ഇതോടുകൂടി കാഷ്വാലിറ്റി, ട്രോമ വിഭാഗങ്ങളിൽപ്പെടുന്ന രോഗികൾക്ക് അതിവേഗം തന്നെ സ്കാനിംഗ് റിസൽട്ട് ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. പുതിയ ഇമേജിംഗ് യന്ത്രങ്ങൾക്ക് തുക അനുവദിച്ചതിനാൽ എത്രയും വേഗം യന്ത്രങ്ങൾ വാങ്ങുന്നതിനും അവ സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.