ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം

post

ജില്ലയില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിപ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജല്‍ജീവന്‍ മിഷന്‍ പദ്ധതികളുടെ ആദ്യ ജില്ലാതല അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വിവിധ പദ്ധതികള്‍ക്കായി 1744.66 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതികളുടെ സാങ്കേതികാനുമതി ലഭിക്കാന്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഊരുകൂട്ടം പരിധിയില്‍ വരുന്നതാണെങ്കില്‍ വനംവകുപ്പില്‍ നിന്നും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാം.

മറ്റു വകുപ്പുകളില്‍ നിന്നുള്ള ഭൂമികളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാദേശികമായി സ്വകാര്യ വ്യക്തികളില്‍ നിന്നുള്‍പ്പെടെ ലഭിക്കേണ്ട ഭൂമിയുടെ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത സമിതി പരിശോധന നടത്തണം. പദ്ധതികള്‍ ജല്‍ജീവന്‍ മിഷനിലേക്ക് മാറ്റാനുള്ളതാണെങ്കില്‍ അതിനും സംയുക്ത പരിശോധന നടത്തണം. പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടുകളും പദ്ധതിയുടെ ആവശ്യത്തിനായി ഉപയോഗപ്പെടുത്താം. വിവിധ പഞ്ചായത്തുകളിലേക്ക് സംയുക്തമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിലേക്ക് സ്ഥലം ലഭ്യമാക്കുകയാണ് പ്രധാനമെന്നും അതിന്റെ ചിലവുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി അറിയിച്ചു.

വിവിധ പദ്ധതികളുടെ മുന്നോട്ട് പോക്കിന് തടസമാകുന്ന പ്രശ്‌നങ്ങള്‍ അതാത് മണ്ഡലം തലത്തില്‍ തന്നെ പരിഹരിക്കണം. ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഏഴ് ദിവസത്തിനകം എം.എല്‍.എമാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറണം. പ്രശ്‌നങ്ങള്‍ പഠിച്ച് എം.എല്‍.എമാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളും. എല്ലാവര്‍ക്കും കുടിവെള്ളമെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ എല്ലാ വിഭാഗം ആളുകളുടെയും ആത്മാര്‍ഥമായ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, എ.കെ.എം.അഷ്‌റഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.