ജില്ലാ ട്രഷറിയിലെ പൂന്തോട്ട വിശേഷങ്ങള്‍

post

കാസര്‍കോട്: ജോലിത്തിരക്കിനിടയില്‍  കണ്ണിന് കുളിര്‍മയും മനസിന് ഉന്മേഷവും പകരാന്‍ ഓഫീസിനകത്തും പരിസരത്തുമെല്ലാം ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെച്ചുപിടിപ്പിക്കുകയാണ് കളക്ടറേറ്റിലെ ജില്ലാ ട്രഷറി ജീവനക്കാര്‍.   ഫയലുകള്‍ക്കും ബില്ലുകള്‍ക്കുമായി ഏറെ സമയം ചിലവിടുമ്പോള്‍ ഇടയ്ക്ക് കിട്ടുന്ന ഇത്തിരി ഇടവേളകളിലാണ് ഓഫീസ് അകത്തളങ്ങളും പരിസരവുമെല്ലാം ഇവര്‍ ചെടികള്‍ നട്ടു പരിപാലിക്കുന്നത്. 

നൂറിലധികം വൈവിധ്യങ്ങള്‍

അഞ്ച് വര്‍ഷമായി ജില്ലാ ട്രഷറി ഓഫീസിന്റെ അകത്തളങ്ങളിലും പരിസരത്തുമെല്ലാമായി   ജീവനക്കാര്‍  നൂറിലധികം വൈവിധ്യമാര്‍ന്ന ചെടികളാണ് പരിപാലിക്കുന്നത്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, പൂച്ചെടികള്‍, ഔഷധ സസ്യങ്ങളടക്കം വിശിഷ്ടമായവയാണ് ഇവയോരോന്നും. അഞ്ച് വര്‍ഷം മുമ്പ് കളക്ടറേറ്റില്‍ നടന്ന വടംവലി മത്സരത്തില്‍ സമ്മാനമായി ലഭിച്ച തുകയില്‍ നിന്നാണ് ചെടികള്‍ വാങ്ങാന്‍ ആരംഭിച്ചത്. പിന്നീട് പലപ്പോഴായി വില കൊടുത്തു വാങ്ങിയതും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കൈമാറ്റം ചെയ്തും വിദേശത്തു നിന്നടക്കം എത്തിച്ച ചെടികളുമെല്ലാം ചേര്‍ന്നാണ് ഇത്ര വലിയ ശേഖരം സാധ്യമാക്കിയതെന്ന് ട്രഷറി ജീവനക്കാരനായ സജീവ് കുമാര്‍ പറയുന്നു. 

ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഓഫീസിനകത്തും വരാന്തയിലും പൂച്ചെടികള്‍ ഓഫീസിന് പുറത്തുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പത്ത് തരം യൂഫോബിയ, ബോണ്‍സായി തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന അഡീനിയം ചെടികള്‍, ഡാന്‍സിങ് ലേഡി ഉള്‍പ്പെടെ മൂന്ന് തരം ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍, മൂന്ന് തരം ഹാങ്ങിങ് ഓര്‍ക്കിഡുകള്‍, പത്ത് നിറത്തിലുള്ള പത്ത്മണിപ്പൂക്കള്‍, വിവിധ തരം പനിനീര്‍ച്ചെടികള്‍, നിത്യകല്യാണി തുടങ്ങിയവയുള്‍പ്പെട്ടതാണ് പൂച്ചെടികളുടെ ശേഖരം. സ്‌പൈഡര്‍ പ്ലാന്റ്, കലേഡിയം, ലക്കി ബാംബൂ, മണി പ്ലാന്റ്, ഡ്രസീന, ഫിലഡെന്‍ഡ്രന്‍, ബേഡ് ഓഫ് പാരഡൈസ്, സ്‌നേക്ക് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍. പ്രതിമാസം അഞ്ച് കിലോയോളം ജൈവവളമാണ് ചെടികള്‍ക്ക് ഉപയോഗിക്കുന്നത്.