വിദ്യാഭ്യാസ പുരോഗതിയിലൂടെ പ്രാദേശിക ശാക്തീകരണം സാധ്യമാകും

post

പ്രാദേശിക ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഉപാധി വിദ്യാഭ്യാസ പുരോഗതിയാണെന്നും പ്രബുദ്ധതയിലേക്കും തിരിച്ചറിവിലേക്കും നയിക്കുന്നത് വിദ്യയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എ.കെ.എം.അഷ്‌റഫ് എം.എല്‍.എ ആവിഷ്‌കരിച്ച വിദ്യാഭ്യാസ വികസന പരിപാടി മൈല്‍സ് എന്റെ സ്‌കൂളിലേക്ക് പരിപാടി മൊഗ്രാല്‍ ഗവ.വി.എച്ച്. എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണ്. സമ്പൂര്‍ണ വിദ്യാലയ പ്രവേശനം ഇന്ന് കേരളത്തില്‍ സാധ്യമാകുന്നുണ്ട്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വന്നതോടെ കേരളം വിദ്യാഭ്യാസ പുരോഗതിയുടെ ചവിട്ടുപടി കയറിയെന്ന് തന്റെ വിദ്യാലയ കാലത്തെ ഓര്‍മകള്‍ പങ്കുവെച്ചു കൊണ്ട് മന്ത്രി പറഞ്ഞു. നല്ല കെട്ടിടം, അടിസ്ഥാന സൗകര്യങ്ങള്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇവയൊക്കെയും ഈ യജ്ഞത്തിന്റെ ഭാഗമായി വന്നപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലേക്ക് എത്തി. കേരളത്തില്‍ ഇന്നിപ്പോള്‍ കുട്ടികള്‍ നേരിടുന്ന വലിയ ഭീഷണി മയക്കു മരുന്നാണ്. അതിനെതിരായ പോരാട്ടത്തില്‍ ആണ് നാമിപ്പോള്‍ ഉള്ളത്.

കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്ത് നിന്നും ഉന്നത വിദ്യാഭ്യാസത്തിന് മംഗളൂരുവിനെ പോലുള്ള നഗരങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാക്കാന്‍ എന്റെ സ്‌കൂളിലേക്ക് എന്ന മഞ്ചേശ്വരം മണ്ഡല വിദ്യാഭ്യാസ വികസന പരിപാടി കൊണ്ട് സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു. എം.കെ.എം.അഷ്റഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.