പത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രീ ഫാബ് ടോയ്ലെറ്റുകള്‍

ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി പ്രീ ഫാബ് ടോയ്ലെറ്റുകള്‍. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക നിര്‍മ്മാണ സാങ്കേതിക വിദ്യയായ പ്രീ ഫാബ് ഉപയോഗിച്ച് ജില്ലയിലെ പത്ത് സ്‌കൂളുകളിലാണ് ടോയ്ലറ്റ് ഒരുക്കുന്നത്. 9 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രീ ഫാബ് ടോയ്ലെറ്റുകള്‍ക്കായി 90.90ലക്ഷം രൂപയും ഒരു സ്‌കൂളില്‍ മോഡുലാര്‍ ടോയ്ലറ്റിന് 12.50ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
ജി.എച്ച്.എസ്.എസ്.എളമ്പച്ചി, ജി.എച്ച്.എസ്.എസ്.കുണ്ടംകുഴി, ജി.എച്ച്.എസ്.രാവണേശ്വരം, കോടോത്ത് ബി.ആര്‍.എ.എം.ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ്.ചെമ്മനാട്, ജി.എച്ച്.എസ്.എസ്.ബങ്കര മഞ്ചേശ്വരം, ജി.എച്ച്.എസ്.കൊടിയമ്മ, ജി.എച്ച്.എസ്.എസ്.പാണ്ടി, ജി.എച്ച്.എസ്.എസ്.ചീമേനി എന്നിവിടങ്ങളിലാണ് പ്രീഫാബ് ടോയ്ലറ്റുകള്‍ ഒരുക്കുന്നത്. ജി.വി.എച്ച്.എസ്.എസ്.ഇരിയണ്ണിയിലാണ് മോഡുലാര്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നത്.
എന്താണ് പ്രീ ഫാബ്രിക്കേറ്റഡ് ടോയ്ലെറ്റുകള്‍
ടോയ്ലെറ്റുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വിവിധ നിര്‍മ്മാണ ഘടകങ്ങള്‍ നിശ്ചിത സ്ഥലത്ത് കൊണ്ടുവന്ന് യോജിപ്പിച്ച് നിര്‍മ്മിക്കുന്നതിനെയാണ് പ്രീ ഫാബ്രിക്കേറ്റഡ് ടോയ്ലെറ്റുകള്‍ എന്ന് പറയുന്നത്. നിശ്ചിത മാതൃകയില്‍ കെട്ടിടത്തിന് ആവിശ്യമായ ഘടകങ്ങള്‍ കമ്പനി തന്നെ തയാറാക്കി നിശ്ചയിച്ച സ്ഥലത്ത് കൊണ്ടുവന്ന് യോജിപ്പിക്കുന്നു. വിദേശരാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇത്തരം സങ്കേതിക വിദ്യ ഭവന നിര്‍മ്മാണത്തിലടക്കം ഇന്ന് ജില്ലയിലും ഉപയോഗിക്കാന്‍ തുടങ്ങി. കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ പോലെ പ്രീ ഫാബ്രിക്കേറ്റഡ് ടോയ്ലെറ്റുകളില്‍ ഭിത്തി ടൈല്‍സ് പാകാനും സാധിക്കും. കൂടാതെ പ്ലംബിംഗ്, വയറിങ്ങ്, മൂടി വയ്ക്കപ്പെട്ട രീതിയില്‍ ചെയ്യാനും സാധിക്കും. കുറഞ്ഞ ചിലവില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കാനാകുമെന്നാണ് മറ്റൊരു പ്രത്യേകത.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് എല്ലാ വിധത്തിലും നല്ല സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. എത്രയും വേഗത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.