ജില്ലയിൽ തൊഴിലുറപ്പിലൂടെ 74.10 കോടി രൂപ ചെലവഴിച്ചു
 
                                                സൃഷ്ടിച്ചത് 18.02 ലക്ഷം തൊഴിൽ ദിനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ ജില്ലയിൽ 74.10 കോടി രൂപ ചെലവഴിച്ചതായി ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി (ദിശ) യോഗം. ഈ സാമ്പത്തിക വർഷം സെപ്റ്റംബർ 15 വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ 59,096 കുടുംബങ്ങൾക്കായി 18.02 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 154 കുടുംബങ്ങൾക്ക് 100 തൊഴിൽദിനം പൂർത്തീകരിക്കാനായതായും തോമസ് ചാഴികാടൻ എം.പി.യുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ദിശ യോഗം വിലയിരുത്തി.
തൊഴിലുറപ്പ് പദ്ധതിയിൽ 52.54 കോടി രൂപ അവിദഗ്ധ വേതനമായും 21.56 കോടി രൂപ മെറ്റീരിയൽ ഫണ്ടിനത്തിലും ചെലവഴിച്ചിട്ടുണ്ട്. കാരിത്താസ് ജംഗ്ഷനിൽ പുതുതായി നിർമിക്കുന്ന ബസ് ഷെൽട്ടർ ഒക്ടോബർ 31 നകം പൂർത്തീകരിക്കണം. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കായി വിവിധ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. അവയുടെ വിനിയോഗം കാര്യക്ഷമമായി നടത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് വേണ്ടവിധം വിനിയോഗിക്കാൻ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർ ഉദാസീനത പുലർത്തരുതെന്നും എം.പി. പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷൻ (അർബൻ) ഒന്നാംഘട്ട പദ്ധതി നിർവഹണത്തിൽ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണെന്നും മാർച്ചിൽ പദ്ധതികൾ പൂർത്തീകരിക്കാൻ അനുമതി ലഭിച്ചെന്നും യോഗം വിലയിരുത്തി.










