പുന്നയൂരിൽ ഹൈടെക് അങ്കണവാടിക്ക് ഭരണാനുമതി

പുന്നയൂരിലെ കുരുന്നുകൾക്ക് ഉല്ലാസഭരിതമായ സാഹചര്യമൊരുക്കുന്നതിന് 15-ാം വാർഡിലെ അങ്കണവാടി ഹൈടെക് ആകുന്നു. എൻ കെ അക്ബർ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 27.50 ലക്ഷം രൂപ അങ്കണവാടിയുടെ നിർമ്മാണത്തിന് വേണ്ടി അനുവദിച്ചു. കെട്ടിട നിർമാണത്തിന് വേണ്ട ഭരണാനുമതിയും ലഭ്യമായി. തൃശൂർ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.
വാക്കയിൽ പ്രകാശൻ എന്ന സാമൂഹ്യ സ്നേഹി പഞ്ചായത്തിന് സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം പണിയുക. നിലവിൽ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. എടക്കഴിയൂർ ആറാംങ്കല്ല് ജീലാനി പള്ളി പരിസരത്ത് 600 സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടത്തിലാണ് 58ാം നമ്പർ അങ്കണവാടി ഉയരുന്നത്. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കും. സ്മാർട്ട് ടി വി ഉൾപ്പെടെ കുട്ടികൾക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ പറഞ്ഞു.