പ്രധാന്‍മന്ത്രി രാഷ്ട്രിയ ബാല്‍ പുരസ്‌കാറിന് അപേക്ഷിക്കാം

post

അസാമാന്യവും ധീരവും സാഹസികവുമായ പ്രവര്‍ത്തനങ്ങളിലൂടെയും കലാ- കായിക- വിദ്യാഭ്യാസ-സാമൂഹിക സേവന മേഖലകളില്‍ അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചതിലൂടെയും ശാസ്ത്ര - സാമൂഹ്യശാസ്ത്ര മേഖലകളില്‍ നൂതന ആശയങ്ങള്‍ അവതരിപ്പിച്ചതിലൂടെയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ 'പ്രധാന്‍മന്ത്രി രാഷ്ട്രിയ ബാല്‍ പുരസ്‌കാര്‍' നല്‍കി രാഷ്ട്രം ആദരിക്കുന്നു.

ഒരു ലക്ഷം രൂപയും പ്രശസ്ത്രി പത്രവും ഫലകവും മറ്റു സമ്മാനങ്ങളുമടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ചിനും 18 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്ക് ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചിനകം www.award.gov.in/ Pradhan MantriRashtriyBalPuraskar 2023 എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. വീര്‍ ബാല്‍ ദിവസ് ആചരിക്കുന്ന ഡിസംബര്‍ 26ന് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുകയും റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അവാര്‍ഡ് വിതരണം നടത്തുകയും ചെയ്യും.


അവാര്‍ഡിനായി പരിഗണിക്കുന്ന മേഖലകള്‍

ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര രംഗങ്ങളില്‍ മനുഷ്യ ജീവനേയോ പരിസ്ഥിതിയെയോ പരിസ്ഥിതി വിജ്ഞാന ശാസ്ത്രത്തെയോ സ്വാധീനിക്കുന്നതിനുതകുന്നത നൂതന ആശയങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍. ബാല വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ലഹരി ഉപയോഗം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ സാമൂഹ്യ മുന്നേറ്റങ്ങള്‍ നടത്തുന്നതിനു നേതൃപരമായ പങ്കു നിര്‍വഹിച്ച കുട്ടികള്‍. വിദ്യാഭ്യാസ മേഖലയില്‍ ദേശീയ അന്തര്‍ദേശീയ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍. കായിക രംഗത്ത് ദേശീയ അന്തര്‍ദേശീയ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍.

കല - സാംസ്‌കാരിക രംഗത്ത് ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടിയ കുട്ടികള്‍. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മറ്റു ജീവന്‍ രക്ഷപ്പെടുത്തുന്നതിനു കാണിച്ച സാഹസികമായ ധീരകൃത്യങ്ങള്‍, പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മറ്റു അപകടങ്ങളില്‍ നിന്നും മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ധീര കൃത്യങ്ങള്‍, അസാമാന്യമായ മനോധൈര്യത്തോടെയുള്ള ഇടപെടലുകള്‍ കൊണ്ട് വലിയ ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടുത്തല്‍. (2020 ആഗസ്ത് 31നു ശേഷം നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളെ മാത്രമേ അവാര്‍ഡിനായി പരിഗണിക്കുകയുള്ളൂ). കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.award.gov.in. ഫോണ്‍: 04994 256990, 9061357776.