കൊറോണ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി; ജനങ്ങളുടെ സഹകരണം അത്യാവശ്യം

post

കൊറോണ സംബന്ധിച്ച വിവരം നല്‍കാന്‍ ആപ്

തിരുവനന്തപുരം: കൂടുതല്‍ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. കൊറോണയുടെ ഒന്നാം ഘട്ടം നിരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ നിരീക്ഷണ പദ്ധതി യോഗം ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന പ്രചാരണം ശക്തമാക്കും. ഒന്നാം ഘട്ടത്തില്‍ രോഗത്തെ വിജയകരമായി പ്രതിരോധിക്കാനായത് ജനങ്ങളുടെ സഹകരണം കൊണ്ടാണ്. ഇത് തുടരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗബാധിത മേഖലകള്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ യോഗം നടന്നു. കൊറോണയെ നേരിടുന്നതിന് കേരളം സ്വീകരിച്ച നടപടി യോഗം ചര്‍ച്ച ചെയ്തു. ചില സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചു. കൊറോണ സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് നല്‍കുന്നതിന് ആപ് തയ്യാറാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ പറഞ്ഞു. വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് സഹായകരമാവും. ഐ. ടി. സെക്രട്ടറി ശിവശങ്കറുമായി ഈ വിഷയം സംസാരിച്ചതായും സ്റ്റാര്‍ട്ട് അപ്പിന്റെ സേവനം ഉപയോഗിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ആപ് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.