സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ സൗഹൃദ പരമായിരിക്കണം

post

കാസര്‍ഗോഡ്  : സ്‌കൂള്‍ കലോത്സവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്  അവരവരുടെ കഴിവ് തെളിയിക്കുന്നതിനാവണം. പരസ്പര ബഹുമാനത്തോടെയും സൗഹൃദപരവുമായിരിക്കണം മത്സരങ്ങളെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഇരിയണ്ണി ജി.വി.എച്.എസ്.എസില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങള്‍ തങ്ങളുടെ കഴിവ് തെളിയിക്കുന്ന അതിനുള്ള അവസരമായി കാണുന്നതോടൊപ്പം  മറ്റുള്ളവരുടെ കഴിവുകള്‍ അംഗീകരിക്കുന്നതിനും തയ്യാറാവണം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചു ജില്ലയുടെ അഭിമാനം ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും മന്ത്രി  പറഞ്ഞു. കുറ്റമറ്റരീതിയില്‍ സ്‌കൂള്‍ കലോത്സവം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജനകീയ കൂട്ടായ്മയിലൂടെയാണ് കലോത്സവങ്ങള്‍ വിജയപ്രദമായി  നടത്താനാവുകയെന്നും മന്ത്രി  പറഞ്ഞു.

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. സംസ്‌കൃത കലോല്‍സവ ജേതാക്കള്‍ക്കുള്ള ട്രോഫി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് വിതരണം ചെയ്തു. ഡി.ഡി.ഇ. കെ.വി.പുഷ്പ, വി.എച്ച്.എസ്.ഇ അസി.ഡയറക്ടര്‍ ടി.പി.വിനോദ്കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.എം.കൃഷ്ണ പ്രസാദ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ.നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.