നെയ്ത്ത് തൊഴിലാളി കുടിശ്ശിക : 48 കോടി അനുവദിച്ചു

post

തിരുവനന്തപുരം : സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നെയ്ത തൊഴിലാളികളുടെ കൂലി കുടിശിക ഉള്‍പ്പെടെ നല്‍കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് 48 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജുണ്‍ മുതല്‍ കുടിശികയായിരുന്ന കൂലിയും സ്പിന്നിങ്ങ് മില്ലുകളില്‍ നിന്നു വാങ്ങിയ നൂലിന്റെ വിലയും നല്‍കുന്നതിനാണ് ഈ തുക. രണ്ടു ദിവസത്തിനകം തുക വിതരണം ചെയ്യും. വിദ്യാഭ്യാസ വകുപ്പിനാണ് തുക അനുവദിച്ചത്. വകുപ്പ് ഈ തുക വ്യവസായ വകുപ്പിനു കീഴിലുള്ള കൈത്തറി ഡയറക്ടറേറ്റിന് കൈമാറും. കൈത്തറി ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന തുക കൈത്തറി സംഘങ്ങളുടെയും തൊഴിലാളികളുടെയും അക്കൗണ്ടിലേക്ക് നല്‍കും. കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍നിന്നാണ് ആവശ്യമായ തുക ലഭ്യമാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള വിഹിതം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനാലാണ് കൈത്തറി തൊഴിലാളികള്‍ക്കുള്ള കൂലി കുടിശികയായത്. നേരത്തെ, സൗജന്യ യൂണിഫോം പദ്ധതിക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം വകയിരുത്തുകയും ഒന്നോ, രണ്ടോ ഗഡുക്കളായി നല്‍കുകയും ചെയ്തിരുന്നു