പുതിയ പാഠം കളക്ടര്‍ക്കൊപ്പം ഭരണകേന്ദ്രത്തെ തൊട്ടറിഞ്ഞ് എം.ആര്.എസ് വിദ്യാര്‍ത്ഥികള്‍

പാടിയും പറഞ്ഞും കളക്ടേറ്റിലെ വിശേഷങ്ങളറിഞ്ഞും കണിയാമ്പറ്റ എം.ആര്.എസിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാ ഭരണ സിരാകേന്ദ്രത്തെ തൊട്ടറിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പകളുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനാണ് ശനിയാഴ്ച്ച കണിയാമ്പറ്റ എം.ആര്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളെത്തിയത്. സിവില്‍ സ്റ്റേഷനിലെത്തിയ കുട്ടികളെ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും ചേര്‍ന്ന് വരവേറ്റു.
സിവില്‍ സ്റ്റേഷനും വിവിധ ഓഫീസുകളും ചുറ്റിനടന്ന് കണ്ട് കളക്ടറുടെ ചേമ്പറിലെത്തിയ വിദ്യാര്‍ത്ഥികള്‍ പാടിയും പറഞ്ഞും നൃത്തം വെച്ചും ഉല്ലസിച്ചു. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി എം.ആര്.ആതിര തനത് ഗോത്രഭാഷയില്‍ പാട്ടുപാടിയും എം.കെ.സരിത എം.ആര്.ശോഭ, എം.സി. വനിത, സനിഗ എന്നിവര്‍ ചുവടുകളും വെച്ചപ്പോള്‍ കളക്ടറുടെ ചേമ്പര്‍ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
കഥകള്‍ പറഞ്ഞും പ്രചോദനം നല്‍കിയും പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കൂടി എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആവേശത്തിലായി. 'വര്‍ണ പൂമ്പാറ്റകള്‍ പോലെ നാം പാറണം' എന്ന് പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥി അനഘയുടെ പാട്ടിന് കളകടര്‍ ചുവടുകള്‍ കൂടി വെച്ചതോടെ കുട്ടികള്‍ക്ക് ഇരട്ടിമധുരം. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിലെത്തിയ വിദ്യാര്‍ത്ഥികളോട് ജില്ലാ പഞ്ചാത്ത് പ്രിസഡണ്ട് സംഷാദ് മരക്കാര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സിവില്‍ സര്‍വീസിലേ ക്കുള്ള വഴികള്‍, കളക്ടറുറുടെ ഉത്തരവാദിത്വങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലകള്‍, വിവിധ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഗഹനമായും അല്ലാത്തതുമായി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒരു ദിനം കുട്ടികള്‍ പഠിച്ചത് നിരവധി പുതിയ പാഠങ്ങള്‍.
പ്ലസ് ടു സയന്‍സിലെയും ഹ്യുമാനിറ്റീസിലെയും 77 വിദ്യാര്‍ത്ഥികളും, 10 അധ്യാപകരും അടങ്ങുന്ന സംഘമാണ് സിവില്‍ സ്റ്റേഷന് സന്ദര്‍ശിച്ചത്. തുടര്‍ന്ന് എന്‍ ഉര് ഗോത്ര പൈത്യക ഗ്രാമവും, കര്‍ളാട് തടാകവും കുട്ടികള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണ സംവിധാനങ്ങളും ടൂറിസം കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ കണിയാമ്പറ്റ എം.ആര്.എസ്സില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തിയത്.
കുട്ടികള്‍ക്ക് മുന്നില്‍ ഗുരുനാഥനും വഴികാട്ടിയായുമായി എന്‍.പ്രശാന്ത്
കളക്ട്രേറ്റിലേയും സിവില്‍ സ്റ്റേഷനിലേയും ഓഫീസുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം മനസിലാക്കാന്‍ എത്തിയ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിത അതിഥിയായിട്ടാണ് എന്‍. പ്രശാന്ത് എത്തിയത്. ജില്ലാ കളക്ടര്‍ എ.ഗീതയുമായി കുട്ടികള്‍ സംവദിക്കുന്നതിനിടയില്‍ ചേമ്പറിലെക്കെത്തിയ അദ്ദേഹത്തെ കുട്ടികള്‍ക്ക് ആദ്യം മനസിലായില്ലെങ്കിലും കളക്ടര്‍ ബ്രോയെ അറിയുമോ എന്ന ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷിന്റെ ചോദ്യത്തിന് കേട്ടിട്ടുണ്ട് .. കണ്ടിട്ടില്ലെന്ന് കുട്ടികളും. അതിഥിയെ തിരിച്ചറിഞ്ഞതോടെ ആദ്യം അമ്പരപ്പും പിന്നീട് ആഹ്ലാദവുമായി. പ്രചോദന കഥകളും അനുഭവങ്ങളും പറഞ്ഞ് ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഗുരുനാഥനായും വഴികാട്ടിയായും അദ്ദേഹം നിറഞ്ഞ് നിന്നു.
ജീവിത വിജയത്തിന് കുറുക്ക് വഴികളില്ലെന്നും നിരന്തര പരിശ്രമത്തിലൂടെ ഏത് ലക്ഷ്യവും കീഴടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. യാഥാര്‍ത്ഥ്യമാക്കാവുന്ന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുറപ്പിക്കണ മെന്നും പരാജയങ്ങളില്‍ പിന്മാറാതെ ലക്ഷ്യം നേടിയെടുക്കാന്‍ ആത്മാര് ത്ഥമായി പരിശ്രമിക്കണമെന്നും അനുഭവ കഥകളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി. എന്‍ ഊര് സന്ദര്‍ശനത്തിന് ശേഷമാണ് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായ എന്‍. പ്രശാന്ത് കളകട്രേറ്റില്‍ എത്തിയത്.